ഭാവന: വിശ്വാസി തോട്ടത്തിൽ

ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ പുലർച്ചെ മൂന്നാം മണി നേരം കൃത്യനിഷ്ഠയുള്ള അലാം കീ കീ എന്നു ശബ്‌ദിച്ചതും പതിവുപോലെ വിശ്വാസി ചാടി എഴുന്നേറ്റു.
ഇരുണ്ട വെളിച്ചത്തിൽ തപ്പിതടഞ്ഞ് വിളക്കു കത്തിച്ചു വച്ചശേഷം അലാം ഓഫ് ചെയ്ത വിശ്വാസി തന്റെ ആയുധമേന്തി ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങി.
മാർഗ്ഗം വ്യക്തമല്ല. എങ്ങും കൂരിരുട്ട്. ഈ സമയത്ത് വിശ്വാസിയുടെ തണുത്ത ചുണ്ടുകളിൽ നിന്നും സംഗീതം പുറത്തുചാടും.
“കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായി അവൻ നിനക്കു….” ഇതു പാടിയിട്ടും ധൈര്യം വന്നില്ലെങ്കിൽ എന്നും വായിക്കാറുള്ള 23-ാം സങ്കീ. മനപാഠം ചൊല്ലും
‘കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല…”

അങ്ങനെ പതിവുപോലെ വിശ്വാസി തന്റെ തോട്ടത്തിൽ എത്തി.
ഇത് വെറും തോട്ടമല്ല കാനാൻ നാടുപോലെ പാലും തേനും ഒഴുകുന്ന തോട്ടമാണ്. (റബ്ബർ മരത്തിന്റെ പാലും മരങ്ങളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന തേനീച്ച കൂട്ടിൽ നിന്നുള്ള തേനും)
തോട്ടത്തിൽ കളഹാവരം മുഴക്കുന്ന കിളികളുടെ ശബ്ദം ഉണ്ട്. പിന്നെ പരിസര ക്ഷേത്രത്തിൽ നിന്നും 24 മണിക്കൂറും പാട്ടുപാടുന്ന ഭക്തരെ കണ്ടപ്പോൾ വിശ്വാസിക്കു കൗതുകം ജനിച്ചു.

ഒരു രാത്രിപോലും തികച്ചും പാഴാക്കാറില്ല എന്നതു മാത്രമല്ലതാൻ അഥവാ ഏതെങ്കിലും ഒരു മുഴുരാത്രി പ്രാർത്ഥനക്ക് ചെന്നാൽ കണ്ണടച്ച് പ്രാർത്ഥിച്ച് സുഖനിദ്രയിൽ ലയിക്കാറുണ്ട്.

അങ്ങനെ ടാപ്പിംഗ് കഴിഞ്ഞ് വിശ്വാസി ഭവനത്തിലേക്കു യാത്ര തിരിച്ചു. പക്ഷെ മനസ്സ് ഇപ്പോഴും തോട്ടത്തിൽ തന്നെ. ലോത്തിന്റെ ഭാര്യയെ പോലെ പലതവണ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കിയാണ്
വിശ്വാസി മനസ്സില്ലാ മനസ്സോടെ തോട്ടത്തിൽ നിന്നും യാത്രയായി.
ഭവനത്തിലെത്തിയ വിശ്വാസി വീണ്ടും വിശ്രമത്തിലേക്ക്….. അലാം വെക്കുവാൻ മറന്ന വിശ്വാസി സുഖനിദ്ര വെടിഞ്ഞ് കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ സമയം 10 കഴിഞ്ഞു.
പിന്നെ 5 മിനിറ്റുകൊണ്ട് സഭായോഗത്തിനു പുറപ്പെട്ടു. വിശ്വാസിയുടെ വരവ് സഭയെ മുഴുവൻ അറിയിച്ചുകൊണ്ട് ഒട്ടുപാലിന്റെ ഗന്ധം പരക്കുന്നുണ്ട്.

ഒന്നാമത്തെ പാട്ടാണോ രണ്ടാമത്തെ പാട്ടാണോ എന്നറിയിയാതെ സംശയിച്ചിരിക്കെ കുട്ടികൾ സാക്ഷ്യത്തിനായി എഴുന്നേറ്റു, അപ്പോഴാണ് വിശ്വാസിക്കു ഓർമ്മ വന്നത്,
ഉപദേശിയും കുടുംബവും നാട്ടിലേക്കു പോകുന്നതുകൊണ്ട് ഇന്നത്തെ ആരാധനയുടെ സമയം മാറ്റിയ വിവരം.
ഈ സഭയിൽ ഈ വിശ്വാസിക്കു മാത്രമല്ല റബ്ബർ തോട്ടം ഉള്ളത്. മറ്റു വിശ്വാസികൾക്കും ഉണ്ട് എന്നത് വർഷങ്ങളായി ദശാംശം വാങ്ങുന്ന ഉപദേശിക്കു മാത്രം അറിയാം എങ്ങനെ എന്നോ…?
ദശാംശത്തിലൂടെ റബ്ബറിനു വിലകുറഞ്ഞു എന്ന് ഉപദേശി അറിയുമ്പോൾ ദിനപ്രതത്തിലൂടെയാണ് റബ്ബറിനു വിലകൂടിയ കാര്യം ഉപദേശി മനസ്സിലാക്കുക.
സഹോദരിമാരുടെ സാക്ഷ്യം കഴിഞ്ഞു.
ഇനി സഹോദരന്മാരുടെ ഊഴം. പുതിയ നിയമം എന്ന് കരുതി തെറ്റിയെടുത്ത പാട്ടുപുസ്തകത്തിലെ ഒരു പാട്ടു മൂളി. എന്നെയോർത്തു പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിച്ചും
സാക്ഷ്യത്തിൽ നിന്നു ഇരുന്നു കൊള്ളുന്നു എന്ന പതിവു ചൊല്ല് ആവർത്തിച്ചപ്പോൾ വിശ്വാസിയുടെ സാക്ഷ്യത്തിനു വിരാമം കുറിച്ചു.

പിയ ദൈവമക്കളെ, നമ്മുടെ ഭൗതിക സമ്പത്ത് ദൈവത്തിന്റെ അനുഗ്രഹമാണ്. പക്ഷേ അതിനേക്കാൾ വലിയത് ആത്മീയ സമ്പത്താണ്.
മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കാനാണ് വചനം പറയുന്നത്.
പണ്ട് ദൈവം കൊടുത്ത തോട്ടത്തിൽ ധാരാളം അനുഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷേ ആദ്യ മനുഷ്യൻ ആദാം പാപത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നതും ആ ഏദൻതോട്ടട്ത്തിൽ വെച്ച് തന്നെ.
ദൈവത്തെയും മനുഷ്യനെയും തെറ്റിച്ച ആ തോട്ടം പോലെ നമ്മുടെ തോട്ടങ്ങൾ ആകാതിരിക്കട്ടെ. അതിനായ് പ്രാർത്ഥിക്കാം!

– ബിനു വടക്കുംചേരി

Comments are closed.