എഡിറ്റോറിയല്‍: “അവന്‍ ഇവിടെ ഇല്ല… ” | ബിനു വടക്കുംചേരി

രുണ്ട ആകാശത്തിലെ അന്ധകാരം സമ്മാനിച്ച മങ്ങിയ വെളിച്ചത്തിൽ പച്ചമരക്രൂശിൽ തൂങ്ങുന്ന പറിച്ചുകീറപ്പെട്ട മനുഷ്യൻറെ തലയോട്ട കാഴ്ചയിൽ നിന്നും വിടവാങ്ങിയവർക്ക് പറയുവാനുണ്ടായിരുന്നത് ഒന്നുമാത്രം, ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു. ഒരു നാളിൽ കല്ലറയിൽ വെച്ച
യേശുവിന്റെ ശരീരം കണ്ടു മടങ്ങിയെത്തിയവർ ചെയ്തതു ഒന്നുമാത്രം, ഗുരുവിനു വേണ്ടി സുഗന്ധവർഗ്ഗവും പരിമള തെലവും ഒരുക്കുക.

എന്നാൽ ലോക പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിനെ ഒരു ക്രൂശികരണം
കൊണ്ട് കല്ലറയിൽ ഒതുക്കുവാൻ ശ്രമിച്ചവർ നോക്കി നിൽക്കെ ക്രിസ്തുവിൻറെ ഉത്ഥാനം
ലോക ചരിത്രത്തെ രണ്ടായി കീറി മുറിച്ചു. അതുകൊണ്ടുതന്നെ ജീവനുള്ള ദൈവത്തെ മരിച്ചവരുടെ ഇടയിൽ അന്വേഷിച്ചാൽ കിട്ടുന്ന ഒരു ഉത്തരം ഉണ്ട് ‘അവൻ ഇവിടെ ഇല്ല’.
അതെ… ഒരു ക്രൂശീകരണം ഉണ്ടെങ്കിൽ ഒരു ഉയിർപ്പും ഉണ്ട്. കാവൽ ശക്തിപ്പെടുത്തിയും മറ്റു കല്ലറകളേക്കാൾ വലിപ്പത്തിലും ഭാരത്തിലുമുള്ള കല്ല് കൊണ്ട് കല്ലറ അടച്ച് റോമൻ മുദ്രയും പതിച്ചവർക്കു മുൻപിൽ ചരിത്രത്തിലാദ്യമായി റോമൻ ഇപിരിയൽ മുദ്രകളെ തകർത്തു മൂന്നാം നാൾ ക്രിസ്തു ഉയർത്തെഴുന്നേറ്റു. ഇന്നും എന്നും ലോകചരിത്രത്തെ നോക്കി തുറന്നുകിടക്കുന്ന ക്രിസ്തുവിന്റെ കല്ലറക്ക് പറയുവാനുള്ളത് ‘അവൻ ഇവിടെ ഇല്ല’.

കൊരിന്ത്യർക്ക് എഴുതിയ ലേഖനത്തിൽ അപ്പോസ്തോലനായ പൗലോസ് പറയുന്നതു
പോലെ ‘നാം ജീവനുള്ള ദൈവത്തിൻറെ ആലയം’ എങ്കിൽ ജീവനുള്ള ദൈവം വസിക്കുന്നത് നമ്മിൽ ആണ്. ജീവനുള്ള ദൈവം മരിച്ചവരുടെ ഇടയിൽ വസിക്കുന്നില്ല. ക്രിസ്തു ജീവിക്കാത്ത ആലയത്തിൽ നിന്നും ഒരിക്കലും യഥാർത്ഥ ദൈവത്തെ കാണുവാനോ, രുചിച്ച് അറിയുവാനോ സാധിക്കുകയില്ല. അത്തരം നവയുഗ ആലയങ്ങളെ നോക്കി ഇന്നും ശബ്ദിക്കുന്ന സന്ദേശമാണു ‘അവൻ ഇവിടെ ഇല്ല’.
മരിച്ചവരുടെ ഇടയിൽ നിന്നും ഉയർത്തെഴുന്നേറ്റ്, ജീവനുള്ള ആലയമായ ഓരോരുത്തരിലും വസിക്കുന്ന ക്രിസ്തുവിന്റെ ഭാവം നമ്മിൽ സ്ഫുരിക്കണം. എങ്കിൽ മാത്രമേ ഉയിർത്തവനുടെ സന്ദേശവാഹകരാകാൻ നമുക്ക് സാധിക്കുകയുള്ളൂ.
ക്രൂശിതരൂപനായ ക്രിസ്തുവിൻറെ സ്മരണകൾ ആണ് ക്രിസ്തിയ ജീവിതയാത്രക്ക് കരുത്ത് പകരുന്നത്. മാനവകുലത്തിന്റെ പാപ പരിഹാരം നടത്തിയ ക്രൂശിലാണ് ക്രിസ്ത്യാനി
പ്രശംസിക്കുന്നത്, കാരണം വിജയം കൈവരിച്ച വേദിയാണത്. ഹേ,
മരണമേ നിൻറ ജയം എവിടെ…? ‘അവൻ ഇവിടെ ഇല്ല…’

   കേവലം വർഷത്തിൽ ഒരു ദിവസം മാത്രം ക്രിസ്തു ഉയിർത്തു എന്നതിലുപരിയായി എന്നും ക്രിസ്തു ജീവിക്കുന്നു എന്നതാണ് യഥാർത്ഥ ക്രിസ്തഭക്തന്റെ ആനന്ദം. ഗുരുവിന്റെ നുകം എടുത്ത് നാൾതോറും പിൻപറ്റുന്ന ഭക്തൻറെ ജീവിതത്തിൽ പ്രത്യാശ വർധിപ്പിക്കുന്ന സന്ദേശമാണ് ‘അവൻ ഇവിടെ ഇല്ല.
താമസം കൂടാതെ തന്റെ മണവാട്ടിയാകുന്ന സഭയെ ചേർക്കാൻ വീണ്ടും വരാമെന്നുര
ചെയ്ത് ഗുരുവിനായി കാത്തിരിക്കാം. ആമേൻ കർത്താവേ വേഗം വരണമേ!

Comments are closed.