കാലികം: ഹൗസ്; ക്ലബ്‌ ആവാതിരിക്കട്ടെ ! | ബിനു വടക്കുംചേരി

രു ‘കിടിലന്‍’ സ്മാര്‍ട്ട്‌ ഫോണ്‍ അഥവാ ഒരു ലാപ്ടോപ്പിനോടൊപ്പം അതിവേഗ ഇന്റര്‍നെറ്റ്‌ എന്ന കുട്ടികളുടെ ചിരകാലാഭിലാഷം നിറവേറ്റി
കോവിഡ് അവതരിച്ചപ്പോള്‍ മനുഷ്യശരീരത്തില്‍ വൈറസ്‌ പരത്തുന്നതിനോടൊപ്പം ‘ഇളംമനസ്സില്‍’ ഓണ്‍ലൈന്‍ ലോകത്തിലെ മായക്കാഴ്ചകളുടെ
നാനാവര്‍ണ്ണ വൈറസ്‌ വിത്തുകള്‍ കൂടി വിതയ്ക്കുവാന്‍ കളമൊരുക്കുകയും ചെയ്തു.

ഒരു കാലത്ത് മാതാപിതാക്കളുടെ ഒഴിവ് സമയങ്ങളില്‍ കുറച്ചുനേരം മാത്രം സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുവാന്‍ ലഭിച്ചിരുന്നവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍, സൂം മീറ്റിംഗുകൾ, സണ്‍‌ഡേ സ്കൂള്‍ പഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഏറ്റവും നല്ല ഡിവൈസുകള്‍ വാങ്ങി കൊടുക്കുവാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി.
കോവിഡിന് മുന്‍പ്‌ എല്ലാ സഭായോഗങ്ങളിലും വന്നിരുന്ന കുട്ടികൾക്കും യൗവനക്കാർക്കും അത്തരത്തിലുള്ള കൂട്ടായ്മ ബന്ധങ്ങള്‍ അന്യപ്പെട്ടുപോയി. നാല് ചുവരുകളുടെ നിരാശ ചങ്ങലകളുടെ കുരുക്ക് അവരെ വലിഞ്ഞ് മുറുക്കുമ്പോള്‍ മുന്നില്‍ എത്തുന്ന നവയുഗ സമൂഹമാധ്യമങ്ങളും, ‘ആപ്പ്’ കളുടെയും
സ്വാധീനത്തില്‍ അറിഞ്ഞോ അറിയാതെയോ അടിമകളാകുന്ന കാഴ്ചകള്‍ നമുക്ക് കണ്ടില്ലെന്നു നടിക്കുവാനാകില്ല. പലതരത്തിലുള്ള ‘സ്പൈ’ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു പലതും ഹൈഡ് ആക്കി മാതാപിതാകളുടെ കണ്ണുകളെ കബളിപ്പിച്ചു ഓരോ ദിവസം ഇവര്‍ സഞ്ചരിക്കുന്നത് അപകടങ്ങള്‍ കാത്തിരിക്കുന്ന വഴികളിലൂടെ ആണ്.

ചില ദിവസങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈനില്‍ ഗെയിംസ് കളിച്ചു അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ നഷ്ടപ്പെടുത്തിയ
മിടുക്കനും, ഭീകരവാദ സംഘടനകളിൽ ചേരുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ എല്ലാംതന്നെ കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുബോള്‍
അപകടം അരികില്‍ എന്ന മുന്നറിയിപ്പ് കൂടുതല്‍ ശക്തമാകുന്നു.

27 വര്‍ഷങ്ങള്‍ കുവൈറ്റ്‌ പ്രവാസ ജീവിതം അവസാനിപ്പിച്ചു വിശ്രമ ജീവിതം നയിക്കാന്‍ നാട്ടിലേക്ക് മടങ്ങുന്ന അച്ചായന്‍ വിടവാങ്ങല്‍ യോഗത്തില്‍ മറുപടി പ്രസംഗത്തിലൂടെ പറഞ്ഞ ചില വാക്കുകള്‍ എന്നെ ഏറെ ചിന്തിപ്പിച്ചു. താന്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ച് മുംബൈയിലേക്ക് ജോലിക്കായി
പോകുമ്പോള്‍ രക്ഷിക്കപ്പെടുക മാത്രമാണ് ചെയ്തതു. പിന്നീടായിരുന്നു താന്‍ കര്‍ത്താവിനെ ജലത്തില്‍ സാക്ഷികരിച്ചത്. തനിക്ക് വേണ്ടി ദൈവസന്നിധിയില്‍ കണ്ണീര്‍വാര്‍ത്ത മാതാപിതാക്കള്‍ക്ക് മറ്റൊന്നും ഇല്ലെങ്കിലും ‘അവന്‍ എവിടെ പോയാലും വിശ്വാസത്തില്‍ നിലനില്‍ക്കും’ എന്ന ഒരു ഉറപ്പ് ഉണ്ടായിരുന്നു. ഇന്നത്തെ എത്ര മാതാപിതാകള്‍ക്ക് ഈ ഉറപ്പ് ഉണ്ട് ?
മക്കള്‍ ഉപരിപഠനത്തിനോ,ജോലിക്കോ ദൂരെ പോകും മുന്പേ മാതാപിതാക്കളുടെ സമാധാനത്തിനായി അവരെ നിര്‍ബന്ധിച്ചു സ്നാനപ്പെടുത്തുമ്പോൾ, ‘ഉണങ്ങിയ പാപി നനഞ്ഞ പാപി’ ആയി മാറുക മാത്രമാണ് ചെയുന്നത് കാരണം അവരുടെ ഹൃദയത്തില്‍ യഥാര്‍ത്ഥ തിരിച്ചറിവില്ല.

ദുര്‍ഘടങ്ങള്‍ പതിയിരിക്കുന്ന ഈ നാളുകളില്‍ മക്കളെ ദൈവഭയത്തില്‍ വളര്‍ത്തുക എന്നത് മാതാപിതാക്കളുടെ മുന്നിലെ വലിയ വെല്ലുവിളികള്‍ ആണ്. അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കുവാനുള്ള സമയം അല്‍പ്പം കുറഞ്ഞാലും അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ സമയം കുറയ്ക്കരുത്. മാതൃകാ ജീവിതവും, പങ്കുവെക്കുന്ന വചനങ്ങളും, പ്രാര്‍ത്ഥനകള്‍ക്കും മാത്രമേ നമ്മുടെ തലമുറകളെ അടിമകള്‍ ആക്കുവാന്‍ നോക്കുന്ന ശത്രുവിന്‍റെ ശക്തികളെ തകര്‍ക്കുവാന്‍ കഴിയുകയുള്ളൂ എന്ന തിരിച്ചറിവ് ദൈവിക സന്നിധിയില്‍ നിലവിളിക്കുവാന്‍ നമ്മെ ഒരുക്കട്ടെ.

കൂട്ടുകുടുംബ വ്യവസ്‌ഥിതിയിൽ നിന്നും ഫ്ലാറ്റ് സംസ്കാരത്തിലേക്കുള്ള മാറ്റങ്ങൾ ഭവനങ്ങളെ നിശബ്‌ദമാക്കുന്നതില്‍ പ്രധാന കാരണമായി. മുറികളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കാണുകയും, ആവശ്യത്തിനു മാത്രം സംസാരിക്കുകയും പിന്നീട് മുറികളിലേക്ക് മടങ്ങുന്ന രീതികള്‍
ഭവനങ്ങള്‍ക്ക് ക്ലബ്ബുകളുടെ സ്വഭാവം പകര്‍ന്നുനല്‍കിയപ്പോള്‍ ഇത്തരം ക്ലബ്ബുകള്‍
വിള്ളല്‍ വീഴ്ത്തുന്നത് കൂടുമ്പോള്‍ ഇമ്പമുള്ള ‘കുടുംബം’ എന്ന ദൈവത്തിന്‍റെ സ്വപ്നത്തെയാണ്.

ക്ലബ്‌ സംസ്കാരത്തിൽ നിന്നും ദൈവിക കൂടാരങ്ങളില്‍ പാര്‍ക്കുവാന്‍ നമുക്ക് ഒരുങ്ങാം…. നഷ്ടപ്പെടുത്തിയ കുടുംബ പ്രാര്‍ത്ഥനകളുടെ ധ്വനികള്‍ നമ്മുടെ ഭവനങ്ങില്‍ മുഴങ്ങട്ടെ. അതെ, “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും” എന്ന് ഉറപ്പോടെ പറയുവാന്‍ ദൈവം നമ്മുടെ അധരങ്ങളെ ബലപ്പെടുത്തട്ടെ.

– ബിനു വടക്കുംചേരി

Comments are closed.