ചെറുചിന്ത: ‘ഹൗഡി, ബോഡി’ | ബിനു വടക്കുംചേരി

‘ഹൗഡി മോദി’
അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിക്ക് അവിടുത്തെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണ പരിപാടിയാണ്‌ ‘ഹൗഡി, മോദി’. സെപ്റ്റംബര്‍ 22ന് യുഎസിലെ ഹൂസ്റ്റണിലാണ് ഈ മഹാസമ്മേളനം നടന്നത്. ഇതോടെ യുഎസില്‍ ‘സുഖാനേഷണ’ വാക്കായ ‘ഹൗഡി’ ലോകശ്രദ്ധ പിടിച്ചുപറ്റി.
‘ഹൗഡി’, എന്ന വാക്കില്‍ നിന്നുകൊണ്ട് ആത്മീയഗോളത്തിലെ ചില ചിന്തകള്‍ പങ്കുവെക്കുവാനുള്ള ശ്രമമാണ് തുടര്‍ന്നുള്ള വരികള്‍.

‘ഹൗഡി, ചര്‍ച്ച്’?
‘ലൈവ്’ ല്‍ ദുരുപദേശം കേള്‍ക്കുവാന്‍ ‘ഫോളോവേര്സ്’ ഏറെയുള്ളതിനാല്‍, ഇന്ന് നിര്‍മല സുവിശേഷം പ്രസംഗിക്കുവാനുള്ള ഉത്സാഹം കുറുഞ്ഞുവരുകയാണ്. അതെ, കൊയ്ത്ത് വളരെയധികം ഉണ്ട് വേലക്കാരോ ചുരുക്കമത്ര.
ഉപദേശ മതിലിന്മേല്‍ വിള്ളല്‍ വരുത്തി തിരുവെഴുത്തിലെ പ്രമാണങ്ങളെ വെല്ലുവിളിച്ചു ദുരുപദേശം കൊണ്ട് സഭയെ ലോക മോഹങ്ങളാല്‍ ആകൃഷ്ടരാക്കി സ്വന്തം ആശയങ്ങളെ പ്രമാണമാക്കിയും സുവിശേഷ സത്യങ്ങളെ വികൃതമാക്കിയും ചിത്രികരിക്കുവാന്‍ ശ്രമിക്കുന്ന ഈ കാലത്ത് “എന്‍റെ വരവിങ്കല്‍ നിങ്ങള്‍ വിശ്വാസം കണ്ടെത്തുമോ ?”എന്ന നാഥന്‍റെ ചോദ്യം വിസ്മരിക്കരുത്. കതിരും കളയും വേര്‍ത്തിരിക്കും വരെ
“ഞാന്‍ എന്‍റെ സഭയെ പണിയും, പാതാള ഗോപുരം അതിനെ ജയിക്കില്ല” എന്നുരച്ചവന്റെ വാക്കുകള്‍
മുറുകെപിടിച്ചു യാത്ര തുടരാം. “ആമേൻ, കർത്താവായ യേശുവേ, വേഗം വരേണമേ”

‘ഹൗഡി, യൂത്ത്’?
“മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കില്ല” എന്നതാണ് നവയുഗ യുവജനങ്ങള്‍ക്ക് പറയുവാന്‍ ഉള്ളത്. ജീവിത യാത്രയില്‍ ഏറ്റവും നല്ല സമയമാണ് യവ്വനം, അതുകൊണ്ടുതന്നെ പാതിവഴിയില്‍ വെച്ച് നശിച്ചു പോകാതിരിക്കുവാന്‍ വചനം ഓര്‍പ്പിക്കുന്നു…
“നിനക്കു നന്മ ഭവിക്കേണ്ടതിനും നീ ഭൂമിയിൽ ദീർഘായുസ്സോടെ ഇരിക്കേണ്ടതിനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’ എന്നത്‌ വാഗ്‌ദാനത്തോടുകൂടിയ ആദ്യകൽപ്പന ആകുന്നു.”

‘ഹൗഡി, ബിലിവേര്‍സ്’?
ദൈവിക ബന്ധത്തില്‍ നിന്ന് അകലം പാലിച്ചു വിശുദ്ധി നഷ്ട്ടപെടുത്തി ആലയത്തോടുള്ള എരുവ് തുലോം വിരളമായ ഒരു കാലം. ‘ആരാധന’ എന്നത് ആഴ്ചയില്‍ ഒരു ഒത്തുകൂടല്‍ അല്ലെങ്കില്‍ മറ്റുവിശ്വാസികളെ കാണുവാനും, വിശേഷങ്ങള്‍ അറിയാനും, മെമ്പര്‍ഷിപ്പ് നിലനിര്‍ത്തുവാനുമുള്ള ഒരു യോഗം എന്നതില്‍ കവിഞ്ഞു ഒരു ആത്മീയ ശുശ്രുഷയായി കാണുവാനോ ആത്മീയ സന്തോഷം അനുഭവിക്കാനോ സാധികാതെ പോകുന്നത് ദുഖ സത്യമാണ്.
പുതിയനിയമ പ്രകാരം നാം ദൈവത്തിന്റെ മന്ദിരമാണ്. അതുകൊണ്ട് നമ്മുടെ ശരീരം (Body) കര്‍ത്താവിന്റെ രണ്ടാം വരവ് വരെ വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുവാന്‍ നമ്മുക്ക് ഉത്തരവാദിത്തം ഉണ്ട്.
“നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.”

‘ഹൗഡി, ബോഡി’?
അടുത്ത നിമിഷം ശരീരത്തില്‍ പ്രാണന്‍ നിലനില്‍ക്കുമോ എന്നതിന് നമ്മുക്ക് ഒരു ഉറപ്പുമില്ല. ഓരോ ദിവസം നാം ഉണരുബോള്‍ നമ്മുടെ അവസാന നാള്‍ ഇന്നായിരിക്കും എന്ന് നാം ചിന്തികാരുണ്ടോ? ചിന്തിച്ചാലും ഇല്ലെങ്കിലും ‘കര്‍ത്താവിനോട് കൂടെ വസിക്കുവാന്‍ അധികം ഇഷ്ട്ടപെട്ടുന്നവര്‍ക്ക് പ്രതശ്യക്ക് ഒരു വകയുണ്ട്.

വചനത്തില്‍ നിന്നും:
“അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.
അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ( 2. കൊരിന്ത്യർ 5: 9,10)

അറിയുവാന്‍:
തെക്ക്-പടിഞ്ഞാറന്‍ യുഎസ് സംസ്ഥാനങ്ങളില്‍ അനൗപചാരികമായി
ഉപയോഗിച്ചു വരുന്ന ‘സുഖാനേഷണ’ (How do you do) വാക്കായ ‘ഹൗഡി’ (Howdy അഥവാ ‘Howdie’)1500 കളില്‍ ആണ് ആദ്യമായി രേഖപെടുത്തിയത്.

-ബിനു വടക്കുംചേരി

Comments are closed.