എഡിറ്റോറിയല്‍: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വീണ്ടുമൊരു പുതുവത്സരം

90

പാരമ്പര്യ ചടങ്ങുകളെ തിരുത്തിയും, മുന്‍ധാരണകളെ പൊളിച്ചടുക്കിയും, സമീപ ഭാവിയില്‍ നാം കണ്ടതായ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞും, അധികമായി കേട്ടുപരിചയമില്ലാത്ത ‘ലോക്ക്ഡൌണ്‍’ മനസിലാക്കുവാനും, മുഖാവരണം അഥവാ മാസ്ക്ക് (നിറം ഏതുമാകട്ടെ) നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കികൊണ്ട് കൊവിഡ് സംഹാര താണ്ഡവമാടിയ 2020 ലെ ദിനങ്ങള്‍ തിരക്കേറിയ ജീവിതത്തിനു വിശ്രമം നല്‍കിയും, കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടാനും, പ്രാര്‍ത്ഥിക്കുവാന്‍ അവസരം ഒരുക്കിയും,
അടുക്കള കൃഷിയുടെ ആവശ്യകതയെപ്പറ്റി അറിവ് സമ്മാനിച്ചും
യാത്രയായ 2020 നോട്‌ എന്നും നന്ദി ഉണ്ടെങ്കിലും, ആരോഗ്യ – സാമ്പത്തിക വിഷയങ്ങളില്‍ അനിശ്ചിതത്വം
നിലനില്‍ക്കുന്ന 2021 ല്‍ നമുക്ക് മുന്നിലെ വെല്ലുവിളികള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ കലുഷിതമായ ഒരു ആണ്ടിനെ
അതിജീവിച്ചു പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ച നമ്മുടെ യാത്ര കരുതലോടെയാവാം.

അസ്തമിച്ച പ്രതീക്ഷകളുമായി മാസങ്ങള്‍ പിന്നിട്ട് ഒരു പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍ ജീവിത യാത്രയിലെ ശൂന്യതകള്‍ക്കിടയിലും അവിടുത്തെ ഹിതം നമ്മില്‍ നിറവേറ്റുന്ന സര്‍വശക്തന്‍റെ ബലമുള്ള ഭുജത്തിൽ ആശ്രയിക്കാം, നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്ന തിരുവചനം ഓര്‍ക്കാം
“എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”

ശീമോന്‍റെ ജീവിതത്തിലെ വിഫലതകളുടെ രാത്രിയെ മറികടക്കുവാൻ താൻ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടുവെങ്കിലും ഗുരുവിനു പടക്
വിട്ടു കൊടുത്തപ്പോള്‍ അതേ സമുദ്രത്തിൽ നിന്നും വലിയൊരു നിറവ് അദ്ദേഹത്തിന് ലഭിച്ചെങ്കിൽ,
പുതുവത്സരത്തില്‍ നമ്മുടെ ‘ജീവിതമെന്ന പടക്‘ ഗുരുവിനു വിട്ടു കൊടുക്കാം.
നാം അറിയാതെ നമുക്കായി ഒരുക്കിയ അത്ഭുതങ്ങളെ പ്രാപിക്കാം. അതെ, അവൻ ആർക്കും കടക്കാരൻ അല്ല!
അനിശ്ചിതത്വങ്ങളുടെ നടുവിലും പ്രതീക്ഷയുടെ നാമ്പുകൾ അവശേഷിക്കു​മ്പൊൾ,
അനവധി കഷ്ടങ്ങൾ കാണുമാറാക്കിയവൻ നമ്മെ ജീവിപ്പിക്കുമെന്നും വാഗ്‌ദത്തങ്ങൾ പാലിക്കുമെന്ന് വിശ്വസിച്ചും, പ്രത്യാശയോടെ …
ദർശനത്തിന്റെ സമാപ്തി ശുഭഭാവിയിൽ വന്നുചേരും എന്ന ആശയോടെ പുതുവത്സരകാതങ്ങൾ പിന്നിടാം.

എല്ലാ അനുവാചകർക്കും സ്നേഹത്തോടെ പുതുവത്സരാശംസകള്‍ നേരുന്നു.

ബിനു വടക്കുംചേരി