ഭാവന: കർത്താവിന്റെ രണ്ടാം വരവിനു ശേഷം…

76

ഴ്ചവട്ടത്തിന്റെ ഒന്നാം നാൾ! ശാന്തമായൊരു സുപ്രഭാതം! സമയം 10 മണിയായിട്ടും ലില്ലിക്കുട്ടിയുടെ ബെഡ്കോഫി കിട്ടാതെ നിദ്രയിൽ ലയിച്ച അച്ചായനു നല്ല ക്ഷീണം ഉണ്ട്. സുവിശേഷ മഹായോഗത്തിന്റെ കാര്യങ്ങൾക്കുവേണ്ടി കഴിഞ്ഞ ഒരാഴ്ച മുഴുവൻ അച്ചായൻ നല്ല ഓട്ടത്തിലായിരുന്നു. ഇന്ന് കൺവൻഷന്റെ സമാപനദിനം. അതുകൊണ്ട് തന്നെ ക്ഷീണം തീർക്കാൻ അച്ചായൻ ഇന്നലെ നന്നായി ഉറങ്ങി.

“കുറേക്കൂടെ ഉറക്കം, കുറേക്കൂടെ നിദ്ര, കുറേക്കുടെ കൈകെട്ടിക്കിടക്കുക. അങ്ങനെ നിന്റെ ദാരിദ്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും…”  എന്നൊരു ശബ്ദം സ്വപ്നത്തിൽ കേട്ടതും അച്ചായൻ ചാടിയെണീറ്റു. പെട്ടെന്ന് മൊബൈൽ ഫോൺ റിംഗ് അടിച്ചു. അച്ചായൻ ചെവിയിൽ വച്ചപ്പോൾ അത് ഐഡിയാക്കാരാ!

ഐഡിയയിൽ നിന്നും പുതിയ ഓഫർ 666 രൂപക്ക് റീചാർജ് ചെയ്താൽ ഫ്രീയായി നിങ്ങളുടെ ദേഹത്ത്  666 എന്ന മുദ്ര പതിപ്പിക്കാം. കൂടാതെ 666 സെക്കൻഡുകൾ സൗജന്യമായി വിളിക്കുവാനും 666 എസ്. എം. എസും ലഭിക്കും. What an !dea , Sirji !!

ഫോൺ കേട്ടുവെന്നല്ലാതെ അച്ചായന് ഒന്നും പിടികിട്ടിയില്ല. ലില്ലിക്കുട്ടി ഇന്ന് ഒറ്റക്ക് ആരാധനക്ക് പോയതാകാമെന്ന് കരുതി, അച്ചായൻ ഉപദേശിയെ ഫോൺ വിളിച്ചപ്പോൾ കേട്ടത് “അല്ലെങ്കിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല.. ദയവായി അനേരം കഴിഞ്ഞ് വിളിക്കുക”  എന്നാണ്.

ഉടനെ സെക്രട്ടറിയെ വിളിച്ചു, അദ്ദേഹമാണെങ്കിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന തന്റെ കുഞ്ഞിനെ കാണാഞ്ഞിട്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ട് വരുന്ന വഴി!

അവളിങ്ങ് വരട്ടെ, കാണിച്ചുകൊടുക്കാം എന്ന് പിറുപിറുത്തു അച്ചായൻ ന്യൂസ് പേപ്പറിൽ കൺവൻഷന്റെ പരസ്യം തപ്പി (ബാക്ക് പേജിൽ, ഫുൾഷീറ്റിൽ)

കർത്താവിനെ എതിരേല്ക്കാൻ ഒരുങ്ങിക്കൊൾക! 109- മത് ജനറൽ കൺവൻഷനും രോഗശാന്തി ശുശ്രൂഷയും.

പ്രാസംഗികർ: Rev. Dr. T C Amos, Australia
സംഗീതം: American Melodies

പങ്കെടുപ്പിൻ!! അനുഗ്രഹം പ്രാപിപ്പിൻ !!!

അങ്ങനെ പരസ്യം വായിച്ച്  പ്രകമ്പനം കൊണ്ട് അച്ചായൻ പത്രത്തിന്റെ ആദ്യപേജ് മറിച്ചുനോക്കി. ഹോ, ഞെട്ടിപ്പിക്കുന്ന വാർത്ത… ആയിരക്കണക്കിനു ആളുകളെ കാണ്മാനില്ല ഇരുചക്ര വാഹനങ്ങൾ തുടങ്ങി തീവണ്ടി, കപ്പൽ, ഫ്ലൈറ്റ് തുടങ്ങിയവ കൂട്ടിയിടിച്ച് എല്ലായിടത്തും വൻദുരന്തങ്ങൾ…

കുറെ ശവക്കല്ലറകൾ ആരോ മാന്തിയിരിക്കുന്നു. ഉടനെത്തന്നെ അച്ചായൻ ഓടിച്ചെന്ന് ടി.വി ഓൺ ചെയ്തു. അതിലാണെങ്കിൽ ബ്രേക്കിങ്ങ് ന്യൂസിന്റെ ബഹളം! പാക്കിസ്ഥാനിലും ഇതേപോലുളള സംഭവങ്ങളുണ്ടായി. അത് ഇന്ത്യയാണ് എന്നാരോപിച്ച്  അവർ ഇന്ത്യക്ക് മേൽ യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി പാക്കിസ്ഥാനെ നേരിടാൻ വേണ്ടിയുളള എല്ലാ ക്രമീകരണങ്ങളും അടിയന്തരമായി ഒരുക്കിയിരിക്കുകയാണ്.

ഇതിനിടയിൽ റഷ്യയുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ, ഇസായേലിനു നേരെ യുദ്ധത്തിന് തയ്യാറെടുപ്പു നടത്തുന്നു എന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും അച്ചായന് ഒന്നും മനസ്സിലായില്ല. ആരാധന കഴിഞ്ഞു വന്നാൽ പതിവായി റേഡിയോയിൽ ഫോൺ ഇൻ പ്രോഗ്രാം കേൾക്കാറുളള അച്ചായൻ പതിവനുസരിച്ച് റേഡിയോ ഓൺ ചെയ്തു. നിർഭാഗ്യം! അതിലും വാർത്തകൾ തന്നെ!.

സൂര്യൻ ഇരുണ്ടു കറുത്തുപോകുന്നു. ഈ സ്ഥിതി തുടർന്നാൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദനിലും ഇരുട്ടു വ്യാപിക്കും. അത് ഭൂമിക്ക് ദോഷം ചെയ്യും. സൂര്യൻ കരിമ്പടം പോലെ കരിയും. എന്നും ചൂളപോലെ കത്തുന്ന ഒരു ദിവസം വരും എന്നും രണ്ടായിരത്തിൽപരം വർഷങ്ങൾക്ക് മുമ്പ് ബൈബിളിൽ രേഖപ്പെടുത്തിയിരുന്നു എന്നും വാർത്ത കൂട്ടിച്ചേർത്തു.

എന്തായാലും ഇങ്ങനെ ഒരു കാര്യം ബൈബിളിലുണ്ടെന്നത് അച്ചായനു ആദ്യ അറിവായിരുന്നു. ഇങ്ങനെ പ്രശ്നകലുഷിതമായ ഭൂമിയിൽ മനസ്സു പതറിയിരിക്കുന്ന അച്ചായനെ തേടിവന്നത് കൺവൻഷൻ പ്രസംഗികന്റെ ഫോൺ കോളായിരുന്നു.

കൺവൻഷൻ സ്ഥലത്ത് ബോംബ് ഉണ്ടെന്നു അജ്ഞാത കോൾ വന്നതിനാൽ എനിക്കു ഇന്ന് പങ്കെടുക്കുവാൻ പറ്റുകയില്ല എന്നായിരുന്നു അറിയിപ്പ്. കേട്ടപാതി, കേൾക്കാത്ത പാതി അച്ചായൻ പോലീസിനു ഫോൺ ചെയ്തു. അന്വേഷണം പൂർത്തിയായപ്പോൾ പ്രാസംഗികൻ വെറുതെ പറഞ്ഞതാണെന്നും തെളിഞ്ഞു.

എന്തായാലും നാളുകൾക്കു ശേഷം അച്ചായൻ “ബോംബ് ഭൂമിയെ പിളർക്കും…” എന്ന പാട്ടുപാടി പ്രാർത്ഥിച്ചു. അതോടെ തനിക്കു സുബോധം തെളിഞ്ഞു. ‘കർത്താവു വന്നു’ എന്ന് മനസ്സിൽ ആരോ മന്ത്രിക്കുംപോലെ. അച്ചായൻ ലില്ലിക്കുട്ടിയെ പിന്നെ അന്വേഷിച്ചില്ല. അവൾ കർത്താവിന്റെ മണവാട്ടിയായി തന്നെയും വിട്ട് സ്വർഗ്ഗത്തിലേക്കു പോയി എന്ന നഗ്നസത്യം വൈകിയാണെങ്കിലും അച്ചായൻ തിരിച്ചറിഞ്ഞു!.

മൊബൈലിൽ ഇപ്പോഴും റിങ്ടോൺ അടിക്കുന്നതിന്റെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങികേൾക്കുന്നുണ്ട്.

-ബിനു വടക്കുംചേരി

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books  സന്ദർശിക്കുക: https://play.google.com/store/books/details?id=VA1ADwAAQBAJ

For more visit:  https://www.binuvadakkencherry.com