ഭാവന: ചില്ലറ മോഹിച്ച യാചകൻ

സംഭവബഹുലമായ സാക്ഷ്യവിഷയങ്ങൾക്ക് വിരാമം കുറിക്കുമ്പോൾ ദൈവത്തിന് വഴിപാട് അർപ്പിക്കേണ്ട സമയമായി.  “പെന്തക്കോസ്ത് നാളിൽ മുൻമഴ പെയ്യിച്ച…” എന്ന പാട്ട് സഭയിൽ പാടുംനേരം സ്തോത്രക്കാഴ്ചക്ക് എത്ര ചില്ലറയിടണമെന്ന ചിന്തയിൽ മുഴുകും വിശ്വാസികൾ.

കെട്ടിയ കൈകൾ രണ്ടും ഇരുപോക്കറ്റിലേക്കും ചലിപ്പിച്ച് കൈകളിലെ കുറെ ചില്ലറകൾ തപ്പിത്തപ്പി കാലണ വീതം മക്കൾക്കും ശേഷിച്ച തടിച്ച തുട്ടുകളിലൊന്ന് ഭാര്യക്കും മറ്റൊന്ന് മിസ്റ്റർ വിശ്വാസിയും കൈയിൽ വെക്കും.

ഈ ശീലം വർഷങ്ങൾക്ക് മുമ്പ് പാരമ്പര്യത്തിൽ നിന്നും വന്നപ്പോൾ തുടങ്ങിയതാണ്. അത് അങ്ങനെത്തന്നെ മാറ്റമില്ലാതെ തുടരുകയാണ് മിസ്റ്റര്‍ വിശ്വാസി. പിന്നെ പാരമ്പര്യ പെന്തക്കോസ്തിൽ പിറന്ന അച്ചായന്റെ മുമ്പിൽ സ്തോത്രകാഴ്ച്ചയുടെ പാത്രം എത്തുമ്പോൾ പതിവുപോലെ അച്ചായൻ നിദ്രയെ സ്നേഹിച്ച് സ്വയം താഴ്ത്തി സമർപ്പിക്കുന്നുണ്ടാകും.

സ്തോത്രകാഴ്ച്ച കഴിഞ്ഞ് പ്രാർത്ഥന തുടങ്ങുമ്പോൾ ഉണരുന്ന ഈ അച്ചായന് ദൈവവവേലക്ക് അർപ്പിക്കുന്നതിൽ പ്രത്യേക താല്പര്യമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ഒരു നേരിയ മഴ ചാറിയതുപോലെയാണ് സ്തോത്രകാഴ്ച്ച സമയത്ത് തോന്നുകയെങ്കി ലും അത് വിശ്വാസികൾ ഇടുന്ന ചില്ലറയാണെന്നും ചാറൽമഴ അല്ലെന്നും ദൈവദാസന് അറിയാം.

വിശ്വാസികളുടെ ചില്ലറയിടുന്ന പ്രവണത ഒഴിവാക്കാൻ ഉപദേശി മനപൂർവ്വം സ്റ്റീലിന്റെ പാത്രം വാങ്ങിയതാണ്. പക്ഷെ ചെറിയ സംഖ്യകൾക്കും നോട്ടുണ്ടെന്ന് വിശ്വാസികൾ ഉപദേശിയെ അറിയിച്ചു.

ഇങ്ങനെ ചില്ലറകൾ മാത്രം സ്തോത്രകാഴ്ച്ച പാത്രത്തിൽ നിറയുമ്പോൾ ഉപദേശി പ്രാർത്ഥനയെന്ന മൂന്നക്ഷരവുമായി ദൈവസന്നിധിൽ ഇരിക്കും. ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തിന് കൊടുക്കേണ്ട അംശത്തെപ്പറ്റി ശുശ്രൂഷിച്ചാല്‍ വിശ്വാസികളുടെ പ്രതികരണം ശ്രദ്ധേയമാണ്.  പക്ഷേ ഒരു മാസം ഒരേ സങ്കീർത്തനം തന്നെ വായിച്ചാലും തിരിച്ചറിവില്ലാഞ്ഞിട്ടോ, ശ്രദ്ധിക്കാത്തതിനാലോ പ്രതികരിക്കാത്ത വിശ്വാസികളാണ് ഇവർ എന്ന് ഉപദേശിക്ക് തിരിച്ചറിവുണ്ട്.

അതുകൊണ്ടാവാം സ്ഥിരം ചില്ലറകൾ കൊടുത്ത് സാധനങ്ങൾ വാങ്ങുന്ന ഉപദേശിയെ നോക്കി അയൽവാസി കടക്കാരൻ വിളിച്ചു “ചില്ലറ ഉപദേശി”. ഈ വിളി വിശ്വാസികളും കേട്ടുവെന്നത് സാക്ഷ്യത്തിൽക്കൂടി ഉപദേശിക്ക് മനസ്സിലായെങ്കിലും  ഉപദേശി മൗനമായിരുന്നു.

ലഭിച്ച സ്തോത്രകാഴ്ച്ചക്ക് വേണ്ടി ഉപദേശി ഇങ്ങനെ പ്രാർത്ഥിച്ചു, “കർത്താവേ മേശക്ക് മുകളിലിരിക്കുന്ന ഈ സ്തോത്രകാഴ്ച്ചക്കു വേണ്ടി പ്രാർത്ഥിക്കുന്നു. ഇതിലേക്ക് കരം നീട്ടിയവരെ അനുഗ്രഹിക്കേണമെ. ഇതിന്റെ ഒരു കോടിയിരിട്ടിയായി തിരിച്ചുകൊടുക്കേണമെ… ആമേൻ!. അങ്ങനെ മറ്റു ശുശ്രൂഷകൾക്ക് ശേഷം ആരാധന അവസാനിച്ചു.

പെട്ടെന്ന് ഫെയ്ത്ത്ഹോമിന്റെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. തുറന്നുനോക്കിയപ്പോൾ അത് ആ സ്ഥലത്തെ പ്രധാന യാചകനാണ്. ഉപദേശി കാര്യം തിരക്കിയപ്പോൾ യാചകൻ പറഞ്ഞുതുടങ്ങി. ഇവിടുന്ന് വന്ന ആളുകൾ പറഞ്ഞാണ് ഞാനറിഞ്ഞത്. ഒന്നും പിടികിട്ടാത്ത ഉപദേശി എന്ത്… എന്ത് ? എനിക്ക് മനസ്സിലാകുന്നില്ല എന്ന് പറഞ്ഞു.

യാചകൻ വിശദീകരിച്ചു. ഞാൻ ഈ പ്രദേശത്തെ യാചകനാണെന്ന് താങ്കൾക്ക് അറിയാമല്ലോ. പക്ഷേ എനിക്ക് ചില്ലറകൾ കിട്ടാതെ നടക്കുമ്പോഴാണ് പളളി കഴിഞ്ഞു പോകുന്നവരാണു എന്നെ ഇങ്ങോട്ട്‌ അയച്ചത്‌.

പൊതുവെ സമ്പന്നർ താമസിക്കുന്ന ഈ പ്രദേശത്ത് യാചകർക്ക് ചില്ലറ കിട്ടുവാൻ പ്രയാസമാണെന്ന കാര്യം മനസ്സിലാക്കുവാൻ ഉപദേശിക്ക് അധികസമയം വേണ്ടിവന്നില്ല. അങ്ങനെ നോട്ട് കാണാൻ കൊതിച്ച ഉപദേശിയും ചില്ലറ കാണാൻ കൊതിച്ച യാചകനും പരസ്പരം ചേഞ്ച്‌ മാറ്റി.

പ്രിയ ദൈവമക്കളെ ദശാംശം എന്നത് പഴയ നിയമമാണ്. പക്ഷേ പുതിയ നിയമത്തിൽ നമുക്ക് സന്തോഷത്തോടെയെങ്കിൽ എത്ര അംശവും ദൈവവേലക്ക് അർപ്പിക്കാം. അതിനുത്തമോദാഹരണമാണ് രണ്ട് വെള്ളിക്കാശിട്ട വിധവ . ദൈവവേലക്ക് സന്തോഷത്തോടെ ചിലവാക്കുവാൻ ദൈവം നമ്മെ ഓരോരുത്തരേയും സഹായിക്കട്ടെ.

-ബിനു വടക്കുംചേരി

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books  ൽ ക്ലിക്ക് ചെയുക:
https://play.google.com/store/books/details?id=VA1ADwAAQBAJ

For more visit: https://www.binuvadakkencherry.com

Comments are closed.