പുതുവത്സര സന്ദേശം: ഉടയോന്റെ സ്വപ്‌നങ്ങൾ

മ്മുടെ മുന്നിൽ തുറന്നുകിടക്കുന്ന വാതിലുകൾ എല്ലാം ദൈവഹിതം ആയിരിക്കണമെന്നില്ല. മാനുഷികമായി ചിന്തിച്ചു ദൈവാലോചന ആരായാതെ ചെയ്യുന്ന യാത്രകൾ ഫലംകാണാതെ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ, ചില തിരിച്ചറിവുകൾ നമ്മെ ദൈവമുഖത്തേക്ക് നോക്കുവാൻ പഠിപ്പിക്കും.

പുതിയ തീരുമാനം കൈക്കൊണ്ടത് ഏറെ പ്രതീക്ഷയോടെ വരവേറ്റ മറ്റൊരു വർഷവും
കൂടി വിടപറയുന്ന നിമിഷങ്ങളിൽ പിന്നിട്ട ദിനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ തുറന്ന വാതിലുകളിലൂടെ സഞ്ചരിച്ചു ദൈവത്തെ മറന്നു ഓടിയതെല്ലാം വൃഥാവായി എന്ന തിരിച്ചറിവുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല” എന്ന ഉടയോന്റെ വാക്കുകൾ ആണ് .

ദൈവശബ്ദം നിനെവേയിലേക്ക് യാത്ര ചെയ്യുവാൻ പറയുമ്പോൾ അത് അനുസരിക്കാതെ തർശീശിലേക്കു കപ്പൽ കയറിയ യോനായുടെ ജീവിതത്തിൽ പ്രതികൂലങ്ങൾ
ഒന്നിന് പുറകെ ഒന്നായി വന്നു.
കപ്പൽ കൊടുങ്കാറ്റിൽപെട്ടു ആപത്തിൽ അകപ്പെട്ടപ്പോൾ കപ്പലിൽ ഉള്ളവരോട് സംഭവിച്ച കാര്യങ്ങൾ തുറന്ന് പറഞ്ഞു തന്നെ കടലിലെറിഞ്ഞ് കപ്പലിനെ രക്ഷിക്കാൻ അവരോടാവശ്യപ്പെട്ട യോനായെ കടലിൽ തള്ളികളഞ്ഞതോടെ കടൽ ശാന്തമായി. ദൈവിക നിയോഗമില്ലാതെ മുമ്പിൽ തുറന്ന വാതിൽ അഥവാ വഴികളിലൂടെയുള്ള യാത്രകൾ നമ്മെ മാത്രം അല്ല നമ്മുടെ സഹയാത്രക്കാരെയും കൂടെയുള്ളവരെയും അത് ബുദ്ധിമുട്ടിലാക്കിയേക്കാം.

എന്നാൽ ദൈവം നൽകിയ രണ്ടാം ഊഴത്തിൽ അനുസരണയോടെ യാത്ര ആരംഭിച്ചപ്പോൾ അതൊരു ദേശത്തിന്റെ വിടുതലിനു കാരണമായി.
ദൈവത്തോട് നാം അവിശ്വസ്തരായിട്ടും ദൈവത്തിന്റെ കരുന്ന ഒന്ന് മാത്രം ആണ് നമ്മിൽകൂടി ദൈവികപ്രവർത്തികൾ വെളിപ്പെടുവാൻ കാരണമാകുന്നത്.
ദൈവം നൽകുന്ന രണ്ടാം അവസരം അനുസരണത്തോടെ നിവർത്തിക്കുവാൻ പുതുവർഷത്തിൽ ഒരുങ്ങാം.

നാം അവിശ്വസ്തർ ആണെങ്കിലും ദൈവം നമ്മെ വിശ്വസ്തർ എന്ന് എണ്ണുന്നു. ചില കാര്യങ്ങൾ നമ്മിൽകൂടി തന്നെ ചെയ്തു കാണുവാൻ ദൈവത്തിനു പ്രസാദം തോന്നാറുണ്ട്, അതുകൊണ്ടു തന്നെ ഉടയോന്റെ സ്വപ്ന സാക്ഷാത്കാരം നിറവേറ്റുന്നതിൽ നമ്മുടെ വീഴ്ചകളെ താങ്ങി,
ആ മഹാ ദൗത്യ പൂർത്തീകരണത്തിനായി അവിടെന്ന് കരുണ കാണിക്കുകയാണ്.

നമ്മിൽ ആർ വലിയവൻ എന്ന് വാഗ്വാദം നടത്തിയ ശിഷ്യഗണം ആത്മീയ പക്വത കൈവരിക്കാത്തവർ എന്നറിഞ്ഞിട്ടും ഗുരു അവരെ തള്ളിക്കളഞ്ഞില്ല,
ഗതസമന തോട്ടത്തിൽ വെച്ച് പ്രാർത്ഥിക്കുവാൻ ഏൽപ്പിച്ച ശിഷ്യർ ലോക നിദ്രയിൽ ലയിച്ചപ്പോഴും ഗുരു അവരെ തട്ടി ഉണർത്തി വീണ്ടും പ്രാർത്ഥിക്കുവാൻ പറഞ്ഞു. അതെ, ഗുരുവിനു അറിയാം ചില നാഴികകൾ പിന്നിട്ടാൽ സകല ജാതികളെയും തന്റെ ശിഷ്യരാക്കുവാനുള്ള മഹാ ദൗത്യത്തിനു പുറപ്പെടേണ്ടവരാണ് ഇവർ.

മൂന്നുവട്ടം തന്നെ തള്ളിപറഞ്ഞിട്ടും പത്രോസിനെ സ്നേഹിച്ച ഗുരുവിനു അറിയാം, ചില ദിവസങ്ങൾ കഴിഞ്ഞാൽ ഒറ്റ പ്രസംഗം കൊണ്ട് ആയിരങ്ങളെ
തന്റെ ശിഷ്യരാക്കുവാൻ പത്രോസിനു കഴിയുമെന്ന്.

 

പത്രോസിനെ തിബെര്യാസ് നിർജീവമാക്കില്ല,
യോഹന്നാനെ പത്മൊസ് തളർത്തിയില്ല
ക്രിസ്തുവിനെ തടവറ ബന്ധിച്ചില്ല
യോനയെ കടൽ മൽസ്യം ഒതുക്കിയില്ല
ചൂരച്ചെടി ഏലീയാവിനെ ഉലച്ചില്ല 

പരീശകൂട്ടങ്ങൾ എറിയുവാൻ കല്ലുകൾ കൂട്ടിവെച്ചാലും
തളർന്നിരിക്കാൻ സമയമില്ല. അഭിഷേകമുള്ളവന് ഒരു പുറപ്പാട് ഉണ്ട്, ഉടയോന്റെ വാഗ്ദത്തങ്ങൾ മുറുകെ പിടിച്ചു കാതങ്ങൾ പിന്നിടാം, ശുഭയാത്ര.

-ബിനു വടക്കുംചേരി

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books  ൽ ക്ലിക്ക് ചെയുക:
https://play.google.com/store/books/details?id=VA1ADwAAQBAJ 

For more visits: https://www.binuvadakkencherry.com

Comments are closed.