ശുഭചിന്ത: പ്രതിസന്ധികൾ നന്മയായി മാറുമ്പോൾ

പ്രതിസന്ധികളിൽ പ്രമാണം കൈവിടാത്ത ഭക്തനെ നോക്കി ലോകം പറയും “ഇതോടെ അവന്റെ കഥ തീരും” എന്ന്, എന്നാൽ പ്രതീക്ഷയുടെ ഓരോ വാതിലുകളും അടയുമ്പോഴും ദൈവിക പ്രവർത്തിക്കായി കാത്തിരിക്കുന്ന ഭക്തന് ഒന്നറിയാം ഒരു അത്ഭുതം സംഭവിക്കും.

പ്രാർത്ഥന ജീവിതം ദിനചര്യമാക്കിയ ഭക്തന് ഇത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥനക്ക് വളരെ സ്ഥാനമുണ്ട്. പ്രതിസന്ധികൾ വിശ്വാസത്തെ ആണ് പരിശോധന ചെയുന്നത്. അതിനാൽ പ്രാർഥന ഏറ്റവും തീവ്രവുമാകുന്ന സമയവും കഷ്ടതയിൽക്കൂടി കടക്കുമ്പോഴാണ്. ജീവിതയാത്രയിൽ പ്രതികൂല കാറ്റടിച്ചാലും ഉണർന്നിരിക്കുന്ന നാഥൻ പടകയിൽ ഉണ്ടെങ്കിൽ കാറ്റു ശാന്തമാകും അക്കരേക്കുള്ള യാത്ര സുഗമമാകും.

പ്രയാസമില്ലാത്ത സമയങ്ങളിലെ പ്രാർത്ഥന, പ്രയാസമുള്ള സമയങ്ങളിലെ പ്രാർത്ഥനക്കയി നമ്മെ പരിശീലിപ്പിക്കുന്നു.

“എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു, താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു.” (ദാനീയേൽ-6:10)

സിംഹകുഴിയിൽ ദാനീയേലിനെ വലിച്ചുകീറുന്ന രംഗംങ്ങൾ ഓർത്ത് ചുറ്റും നിന്ന് പരിഹസിച്ച ലോകത്തിന്റെ നടുവിൽ രക്ഷിക്കുന്ന ദൈവത്തെ കാണിച്ചുകൊടുക്കുവാൻ നല്ലൊരു പ്രാർത്ഥന ജീവിതം നയിക്കുന്ന ഭക്തന് മാത്രമേ സാധിക്കുകയുള്ളു.

പ്രശ്നങ്ങൾ അലറി വിളിച്ചു നമ്മുക്കെതിരെ പാഞ്ഞടുക്കുമ്പോഴും പ്രശ്നങ്ങളെ നിർജീവമാക്കി അവയുടെ വായടക്കുന്ന ഗുരുവിന്റെ സാന്നിധ്യം നാം തിരിച്ചറിയും.
പ്രശ്നങ്ങൾക്കും പ്രതികൂലങ്ങൾക്കും പ്രമാണം കയ്യിൽലുള്ളവനെ തൊടുവാൻ കഴിയുകയില്ല കാരണം നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നു.

പടയാളികൾ യേശുവിനെ അന്വേഷിച്ചു വന്നപ്പോൾ,
“ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു” (യോഹ-18:8).

കുലത്തൊഴിലും, പടകും, പാരമ്പര്യവും വിട്ടു ഗുരുവിനെ അനുഗമിച്ച നമ്മുക്ക് പ്രതിസന്ധികൾ വരാതിരിക്കുന്നതല്ല പിന്നയോ അതിനെല്ലാം നടുവിൽ “ഇവർ പോയ്ക്കൊള്ളട്ടെ” എന്ന ഗുരുവിന്റെ വാക്കാണ് നമ്മെ നിലനിർത്തുന്നത്.

കഴിഞ്ഞ സംവത്സരം ചോദിച്ചതിലും നിനച്ചതിലും അത്യന്തപരമായി നമ്മെ നടത്തിയ നാഥന് ഒരായിരം നന്ദി കരേറ്റാം. ഇത്രത്തോളം നിലനിന്നത് ഗുരുവിന്റെ കൃപ മാത്രമായതിനാൽ ജീവിതത്തിൽ എന്ത് സംഭവിച്ചാലും എന്തിനെന്നു ചോദിക്കാതെ ദൈവിക പ്രവർത്തി കാണുവാൻ നമ്മുക്ക് ഒരുങ്ങാം.

-ബിനു വടക്കുംചേരി

(Published in Neerurava pathram, Dec 2018)

 

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books  ൽ ക്ലിക്ക് ചെയുക: https://play.google.com/store/books/details?id=VA1ADwAAQBAJ 

For more visits: https://www.binuvadakkencherry.com

Comments are closed.