ഭാവന: പാട്ടുകൾ വാദിക്കുന്നു…

37

ഴയ ആത്മീയ ഗാനങ്ങൾ സഭകളിൽ നിന്നും അപ്രത്യക്ഷമാകുകയും, പുതിയ ഗാനങ്ങൾ കീഴടക്കുകയും ചെയ്യുമ്പോൾ പുതിയ പാട്ടുകൾക്ക് പഴമയുടെ പകിട്ടുണ്ടോന്നു പരിശോധിക്കണം
എന്നു ആവശ്യപ്പെട്ട് പഴയ പാട്ടു കൊടുത്ത ഹർജി പരിഗണിച്ചു. പഴയ പാട്ടിന്റെയും, പുതിയ പാട്ടിന്റെയും വാദങ്ങൾ വിസ്തരിക്കുന്ന ആത്മീയ കോടതിയിലേക്ക് അനുവാചകർക്ക്‌ സ്വാഗതം!

ഇവിടെ വാദി പഴയ പാട്ടും, പുതിയ പാട്ട് പ്രതിയുമാണ്.

ജഡ്ജി: കേസിനെക്കുറിച്ച് വാദിക്കു പറയാനുള്ളതു പറയാം.
വാദി: ഈ നിൽക്കുന്ന എന്റെ സ്നേഹിതൻ പുതിയ പാട്ട്, കുറച്ചു കാലമായി അനുഭവങ്ങൾ ഇല്ലാത്ത പാട്ടുകളുമായി ദൈവസഭകളിൽ ഇടം പിടിക്കാൻ ശ്രമിക്കുന്നു.
പണ്ട് കഷ്ടാനുഭവങ്ങളിൽ നിന്നും മനതാരിൽ ഉരുത്തിരിഞ്ഞ വാക്കുകൾക്ക് ഈണം നല്കിയപ്പോൾ അനേകായിരങ്ങളുടെ ആത്മാവിനു ആശ്വാസം പകരുന്നതായിരുന്നു പഴയ പാട്ടുകൾ.
എന്നാൽ ഇന്ന്, ഒരു നല്ല പാട്ടും ബാക്കി തട്ടി മുട്ടി ഒപ്പിച്ച് ഗാനങ്ങൾ ആൽബമായി ഇറങ്ങുന്ന കാഴ്ച വേദനാജനകമാണ്. ഇവിടം പുതിയ നല്ല പാട്ടുകൾ ശ്രദ്ധിക്കാതെ പോകുകയാണ്.

പ്രതി: എന്റെ സ്നേഹിതൻ പറയുന്ന കാര്യങ്ങളോട് എനിക്ക് യോജിക്കാൻ കഴിയുകയില്ല. കാരണം ഇപ്പോഴത്തെ തലമുറ പുതിയ പാട്ടുകൾ പാടാൻ ആഗ്രഹിക്കുന്നവരാണ്,
മാത്രവുമല്ല ഒട്ടുമിക്ക സഭകളിലും ക്വയർ ഗ്രൂപ്പ് കൂടുതൽ പുതിയ പാട്ടുകൾ പാടുന്നുണ്ടെങ്കിൽ, പഴയപാട്ടുകളും പാടാൻ ശ്രമിക്കുന്നുണ്ട്. അനുഭവങ്ങൾ ഇല്ലാത്ത പുതിയ പാട്ടുകൾ ഇല്ല എന്നില്ല,
പക്ഷെ വീടുകളിലും സഭകളിലും അവർ അത് പാടുന്നില്ല എന്നുണ്ടെങ്കിൽ അതിൽ എങ്ങനെ എന്നെ കുറ്റം പറയാൻ സാധിക്കും?

വാദി: ഇന്ന് ക്വയർ എന്ന ഗ്രൂപ്പാണ് സഭകളുടെ ആരാധനയെ നിയന്ത്രിക്കുന്നത്. കൂടുതലും ഇൻസ്ടുമെന്റ്സ് ആണ്. അവയുടെ താളം നിന്നാൽ ആരാധന നിലക്കും.
അവയുടെ താളം മുറുകിയാൽ ആരാധന മുറുകും. പഴയ കാലത്ത് ഇൻസ്ട്മെന്റ്സ് ഇല്ലാത്തതിനാൽ ആത്മാവിന് ഇമ്പമുള്ള ഈണങ്ങൾ ആയിരുന്നു.

പ്രതി: ഇപ്പോഴത്തെ അവസാനത്തെ എഡിഷൻ ഇറക്കിയ എല്ലാ ആത്മീയ ഗാന പുസ്തങ്ങളിലും പുതിയ പാട്ടുകൾ കാണാം. കാരണം ജനങ്ങൾ അതു ഇഷ്ടപ്പെടുന്നു എന്നതാണ് അതിന്റെ അർഥം,
മാത്രവുമല്ല നാം ബൈബിൾ പരിശോധിച്ചാൽ പുതിയ പാട്ടുകളെ പറ്റി കാണാം.

സങ്കീർത്തനങ്ങൾ 96:1; യഹോവയ്ക്കക്കു ഒരു പുതിയ പാട്ടു പാടുവിൻ, സകലഭുവാസികളുമായുള്ളോരേ, യഹോവയ്ക്കു പാടുവിൻ.
സങ്കീർത്തനങ്ങൾ 98:1; യഹോവയ്ക്കക്കു ഒരു പുതിയ പാട്ടു പാടുവിൻ, അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 14:4:9; ദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.
സങ്കീർത്തനങ്ങൾ 149.1: യഹോവയെ സ്തുതിപ്പിൻ, യഹോവയ്ക്കക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.

വാദി. “യഹോവയ്ക്കക്കു ഒരു പുതിയ പാട്ടു പാടുവിൻ’ എന്നത് ശരി തന്നെ. പണ്ട് പാട്ടുകൾ, ചുരുക്കമായിരുന്നു. ഇതുപോലെ ആൽബങ്ങളും, ഗീതാവലിയും ഇല്ലായിരുന്നു.
ആദിമ പിതാക്കന്മാരുടെ സ്വന്തം ജീവിതാനുഭവത്തിൽ നിന്നും ഞങ്ങൾ പിറവിയെടുത്തത്. അതു അന്ന് പുതിയ പാട്ടു തന്നെ. എന്നാൽ ഇന്ന് പുതിയ പാട്ടുകൾ പിറവിയെടുക്കുന്നുണ്ടെങ്കിലും
പഴയ ഗാനങ്ങൾ പകരുന്ന സുഖം അതിനുണ്ടോ? അതിലെ വരികളിൽ, സാമ്പത്തിക ഉയർച്ചയും, അനുഗ്രഹങ്ങളും മാത്രം നിറഞ്ഞു നില്ക്കുമ്പോൾ പഴയ പാട്ടുകൾ ജനിക്കാൻ ഇടയായ
സാഹചര്യങ്ങൾ മനസിലാക്കാൻ ചില ഉദാഹരണങ്ങൾ ഞാൻ പറയാം.

> സ്വന്തം കുഞ്ഞിന്റെ ചേതനയറ്റു ശരീരം കൈകളിൽ എടുത്ത “ദുഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയിൽ തന്നാൽ സന്തോഷത്തോടതുവാങ്ങി ഹല്ലേലൂയ്യ പാടുമെന്ന്” പറഞ്ഞ
സാധു കൊച്ചുകുഞ്ഞുപദേശി.

> രക്ഷയിലേക്ക് വന്നതിനുശേഷം, സ്വന്തം കുഞ്ഞിനെ മാമോദീസ മുക്കുവാൻ വിസമ്മതിച്ചതുമൂലം, തന്നെയും കുടുംബത്തെയും പെരുവഴിയിൽ ഇറക്കിവിട്ടപ്പോൾ,
തന്റെ പൊടിക്കുഞ്ഞിനെ പിടിച്ചു യാത്രയായ, കെ.വി. ചേറു പാടി
“കൂട്ടം വെറുത്തു കുലവും വെറുതെന്നെ കൂട്ടുക്കാരും വെറുത്തു. എന്നാൽ കൂട്ടായി തീർന്നെന്റെ സ്വർഗ്ഗീയ സ്നേഹിതൻ, കഷ്ടകാലത്തും വിട…”

> അധ്യാപക ജീവിതം വെടിഞ്ഞു. കാട്ടുജാതികളിൽ സുവിശേഷം അറിയിച്ചു. 70-ാം വയസിൽ രക്തവാദം പിടിച്ചു രോഗക്കിടക്കയിൽ കിടക്കുമ്പോൾ,
കർത്താവിന്റെ ദാസൻ റ്റി.ജെ. അന്ത്രയോസ് പാടി. “രോഗം എന്നെ പിടിച്ചെൻ, ദേഹം ക്ഷയി ച്ചാലുമേ. വേഗംവരും എന്നാഥൻ ദേഹം പുതുതാക്കിടാൻ…”

> കർത്താവിന്റെ കല്പന അനുസരിച്ചതിനു സ്വന്തം അമ്മ വീട്ടിൽ നിന്നും ഇറക്കി വിടുകയും, തനിക്കു ലഭിച്ച ഒരു ‘മാസിഡോൺ ദർശനം അനുസരിച്ച ജോലി രാജിവെച്ചു മിഷനറി
പ്രവർത്തനം തുടങ്ങിയപ്പോൾ, തന്റെ മനസ്സിൽ ഉയർന്ന പലവിധ ചോദ്യങ്ങൾക്കു മറുപടിയായി, മഹാകവി കെ.വി. സൈമൺ സാർ ഇങ്ങനെ പാടി.
“എന്റെ ഭാവി എല്ലാം എന്റെ ദൈവം അറിയുന്നു എന്ന പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാർത്തീടും ഞാൻ…”

ഇത്തരത്തിൽ ഉള്ള കഷ്ടാനുഭവങ്ങൾ നിറഞ്ഞ ഗാനങ്ങൾ അന്യപ്പെടുകയും അനുഗ്രഹങ്ങളും, നന്മകളും നിറഞ്ഞ പുതുഗാനങ്ങൾ ഇൻസ്ടുമെന്റ്സിനു അധിഷ്ഠിതമായ കാഴ്ചകൾ
ഇന്ന് ആത്മീയലോകത്തിൽ ഏറെയും. ഇൻസ്ട്രടുമെന്റ്സ് ഇല്ലെങ്കിൽ ഇത്തരം പാട്ടുകൾ പാടുവാൻ ബുദ്ധിമുട്ടാണെന്നതു ദുഃഖസത്യമാണ്.

പ്രതി പുതിയപാട്ടു പ്രതികരിക്കാൻ തുടങ്ങുന്നിടക്കു ജഡ്ജി ഇരുവരുടെയും വാദത്തിനുള്ള സമയം കഴിഞ്ഞതായി പ്രസ്താവിച്ചു. ശേഷം ഈ കേസിൽ ഉള്ള തീരുമാനം അറിയിക്കുകയും
ചെയ്തതു.

ജഡ്ജി: ഇന്നത്തെ ആരാധനയിൽ പഴയ പാട്ടുകൾക്ക് സ്ഥാനം നന്നേ കുറവായതിനാൽ നവയുഗ തലമുറകൾക്ക് പഴയ പാട്ടുകളെക്കുറിച്ചുള്ള ഗ്രാഹ്യം കുറവാണ്.
പുതിയ പാട്ടുകൾ ‘ഹിറ്റുകൾ’ ആയാലും അവ കുറച്ചുനാൾ പിന്നിടുമ്പോൾ പലരും മറന്നുപോകുന്നു. പക്ഷെ, അനുഭവത്തിൽനിന്നും ആത്മാവിൽ രചിച്ച ഗാനങ്ങൾ അനശ്വരമായി തന്നെ ഇന്നും നിലനില്ക്കുന്നു എന്നതൊരു വസ്തുതയാണ്. പാട്ടുകൾ എന്തായാലും നമുക്കു പാടിയേ പറ്റു. അതു പഴയതെങ്കിലും പുതിയതാണെങ്കിലും ആത്മാവിനു ഇമ്പം പകരുന്ന ഗാനങ്ങൾ
തിരഞ്ഞെടുക്കാൻ സഭയും, കുടുംബങ്ങളും തയാറാകട്ടെ എന്നോർപ്പിച്ചുകൊണ്ട ഇരുവരും സമാധാനമായി പിരിഞ്ഞു പോകണം എന്ന് അപേക്ഷിച്ച ആത്മീയകോടതി ഈ വിഷയത്തിലുള്ള
അന്തിമ തീരുമാനം അറിയിച്ചു.

-ബിനു വടക്കുംചേരി

ആൻഡ്രോയിഡ് വായനക്കാർക്കായി പുതിയ സൗജന്യ മൊബൈൽ ആപ്പ്  ലഭിക്കാൻ ഡൗൺലോഡ് ൽ ക്ലിക്ക് ചെയുക:-

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books  ൽ ക്ലിക്ക് ചെയുക:-