ഭാവന: ദൂതന്‍റെ കത്ത്

രു ദൂതറിയിപ്പാനുണ്ട്…………..

നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു

നീ കർത്താവിനു ഏറ്റവും വിലയെറിയവനും മാന്യനുമാണ്. ഇത് ഇപ്പോൾ തന്നെ നിനക്കും മറ്റുള്ളവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ഞാൻ പറയാൻ പോകുന്നത് കർത്താവു നിന്നെക്കുറിച്ചു എന്താഗ്രഹിക്കുന്നു എന്നാണ്.

ഇപ്പോൾ നീ ആയിരിക്കുന്ന സാഹചര്യത്തിലും അവസ്ഥയിലും ഒതുങ്ങിപോകേണ്ട ഒരാളല്ല നീ. നീ ഒരു കഴുകൻ കുഞ്ഞാണ്. ലോകത്തെ മുഴുവൻ ക്രിസ്തുവിനു വേണ്ടി സ്വാധീനിക്കുവാനുള്ള ശക്തി നിന്നിലുണ്ട്. പക്ഷെ ഒരു കോഴിക്കുഞ്ഞിനെപ്പോലെ ഭൂമിയിലേക്ക്‌ തല താഴ്ത്തി പുഴുക്കളെ കൊത്തിപ്പെറക്കുകയാണ് നീ ഇപ്പോൾ ചെയ്യുന്നത്.

എല്ലാ തലങ്ങളിലും… ഒന്ന് തല ഉയർത്തി നോക്കൂ… അനന്തമായ നീലാകാശം മുഴുവൻ നിന്റെയാണ്. അവിടെ ചിറക് വിരിച്ചു വിഹായിസിൽ ഏറെ ഉയരത്തിൽ പറക്കെണ്ടവനാണ് നീ. ഉയരങ്ങൾ കീഴടക്കെണ്ടവനാണ്. അത് കൊണ്ട് നിന്റെ വിളിയും തിരെഞ്ഞെടുപ്പും അധികമധികം ഉറപ്പാക്കുക. ആഴമേറിയതുമായ ആത്മീയ സത്യങ്ങൾ വിളിച്ചോതുവാൻ ദൈവം നിന്നെക്കുറിച്ചു ആഗ്രഹിക്കുന്നു. വായന മരിക്കുന്ന ഈ കാലഘട്ടത്തിൽ, വായന തുലോം വിരളമായ ഒരു ചെറിയ വട്ടത്തിനുള്ളിൽ പ്രശസ്തനാകുന്നത് കൊണ്ട് തൃപ്തിപ്പെടരുത്‌. വീണ്ടെടുക്കപെട്ട, വിളിച്ചു വേർത്തിരിക്കപെട്ട ഓരോ തന്റെ മക്കളെക്കുറിച്ചും കർത്താവിന് ഒരു സ്വപ്നമുണ്ട് ഓരോരുത്തർക്കും ഓരോ ശുഷ്രൂഷ ഉണ്ട്..,എല്ലാവരിലും ഓരോ കൃപകൾ ഉണ്ട്, അവ നാം കണ്ടെത്തണം .

“ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ” (1 കോരി 16:13)

അത്മീയത്തിൽ സദാ നാം ഉണർന്നിരിക്കണം, വിശ്വാസത്തിൽ നിലനിൽക്കണം, തികഞ്ഞ പുരുഷത്വം കാണിക്കണം (Manhood in christ). ക്രിസ്തുവിന്റെ സംപൂർണതയായ പ്രായത്തിന്റെ അളവ്, വിശുദ്ധന്മാരുടെ യഥാസ്ഥാനം, ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മിക വർദ്ധന ഇവയൊക്കെയാണ്. നിന്റെ ശുഷ്രൂഷ കൊണ്ട് ഇവ സാധ്യമാകുന്നുണ്ടോ..? ഉണ്ടെങ്കിൽ നന്ന്. പ്രശസ്തിയും പ്രശംസയും ജഡത്തെയും ദേഹിയെയും തൃപ്തിപ്പെടുത്തും. അതിലുപരിയായ് നിത്യതയിലെ നിക്ഷേപമായി അത് മാറുന്നുണ്ടോ എന്നാണ് നാം ശ്രദ്ധിക്കേണ്ടത്.

നല്ലവനും വിശ്വസ്തനുമായ ദാസൻ” എന്ന പ്രശംസ അവനിൽ നിന്ന് ലഭിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യം.നമ്മുടെ വ്യക്തിത്വത്തിൽ അവൻ മറയുകയല്ല, അവന്റെ വ്യക്തിത്വത്തിൽ നാം മറയുകയാണ്. വിശുദ്ധിയെ തികച്ചു കൊള്ളാനും പ്രത്യേകം ഓർപ്പിക്കുന്നു.

കർത്താവ് നിന്നെ ഒത്തിരി സ്നേഹിക്കുന്നു. ഇപ്പോഴുള്ള ആത്മീയ നിലവാരത്തിൽ ഒട്ടും തൃപ്തിപ്പെടരുത്. നിറഞ്ഞിരിക്കുന്നവനെ ഊട്ടുന്നതെങ്ങനെ?ആർത്തി ഉള്ളവനെ ആണ് തൃപ്തിപ്പെടുത്താൻ പറ്റുന്നത്. കർത്താവിന്റെ കൃപകൾക്കായി വിശന്നു ദാഹിക്ക. വിശപ്പില്ലത്തവൻ തന്നിൽത്തന്നെ തൃപ്തൻ ആണല്ലോ. അവന്റെ സന്നിധിയിൽ വീണു കിടന്നു നിലവിളിക്ക. ഹൃദയം പകരുക. അത്യുന്നതമായ നിലകളിലേക്ക് അവൻ നിന്നെ ഉയർത്തും.

ഒരു ചെറിയ ഹൃദയ നിരൂപണം കൊണ്ടുപോലും നിത്യത നഷ്ടമാവാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുക

കാഹളം എപ്പോൾ ധ്വനിക്കുമെന്നറിയില്ല. അടുത്ത നിമിഷം നമ്മളുണ്ടോ എന്നും അറിയില്ല. അതുകൊണ്ട് അധികമധികമായ് വിശുദ്ധിയിലും നിർമ്മലതയിലും വളരുവാൻ പ്രയത്നിക്ക. ദൈവം നിന്നെ ധാരാളമായ്‌ അനുഗ്രഹിക്കട്ടെ.

 

നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു. (യെശയ്യ 43:4)

സ്നേഹത്തോടെ ദൂതൻ,

ഒപ്പ്/-

Comments are closed.