എഡിറ്റോറിയല്‍: ബന്ധങ്ങളും ബന്ധനങ്ങളും പിന്നെ സ്വാതന്ത്ര്യവും

വയുഗത്തില്‍ ബന്ധങ്ങളുടെ പ്രാധാനം അനുദിനം കുറഞ്ഞുവരുകയാണ്. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബ സംസ്കാരത്തിന് സ്വാഗതമരുളിയവര്‍ അവരവരുടെ മുറികളില്‍ ഇരുന്നു ‘സെല്‍ഫി’ സംസ്കാരം സ്വീകരിക്കുന്ന ഇന്നിന്‍റെ ദുഖ:കാഴ്ച്ചകളില്‍ ഒന്നാണ്. ബാല്യകാലത്ത് വേനല്‍ അവധിക്കായി ഒരു കാത്തിരിപ്പ് തന്നെയായിരുന്നു. വീട്ടില്‍ വിരുന്നിനു വരുന്നവരുടെ ഒപ്പം കളിക്കുവാനും മറ്റുയിടങ്ങളില്‍ വിരുന്നു പോകുവാനും യാത്രചെയ്യുവാനും അങ്ങനെ ബന്ധുക്കളും കൂട്ടുകാരുമൊത്ത് വിശുദ്ധമാത്രകള്‍ പങ്കിട്ടിരുന്ന ഒരു കാലം ഇന്നത്തെ തലമുറക്ക് പരിചയം കാണില്ല.

“അല്ലെങ്കിലും ഞങ്ങള്‍ എന്തിന് ഈ പഴയ സംസ്കാരം പിന്തുടരണം..?” എന്ന് യുവതലമുറ ചോദിക്കുവാനും ചില കാരണങ്ങള്‍ ഉണ്ട്. യാത്ര ചെയുമ്പോള്‍ മാര്‍ഗ്ഗനിര്‍ദേശിയായി ‘GPS’ ഉള്ളതിനാല്‍ വാഹനം നിര്‍ത്തി, ഗ്ലാസ്‌ താഴ്ത്തി മറ്റുള്ളവരോട് വഴി ചോദികേണ്ടതില്ല. ഓണ്‍ലൈന്‍ സൈറ്റില്‍ രണ്ട്-മൂന്ന് ക്ലിക്ക് ചെയ്ത് ചില നിമിഷങ്ങള്‍ പിന്നിടുമ്പോള്‍ ഇഷ്ട ഭക്ഷണം തേടി എത്തുനതിനാല്‍ പാചകം ചെയ്യാന്‍ ‘കിച്ചണില്‍’ കയറണമെന്നില്ല, പുറത്തുള്ള ഹോട്ടലില്‍ പോകേണ്ടതായ ആവശ്യവുമില്ല. ഭക്ഷണം മാത്രമല്ല വസ്ത്രങ്ങളും, വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം ഒരു പുഞ്ചരിയോടെ തേടിയെത്തുമ്പോള്‍ തുലോം വിരളമായ സംസാരങ്ങളില്‍ വ്യക്തികളില്‍ അധിഷ്ഠിതമായ ‘സെല്‍ഫി’ സംസ്കാരം ഉടെലെടുത്ത് ബന്ധങ്ങളുടെ ആവശ്യകത കുറഞ്ഞ് മനുഷ്യര്‍ സ്വാര്‍ത്ഥരും സ്വസ്നേഹികളുമായി മാറുകയാണ്.

തിരകേറിയ ജീവിതത്തില്‍ കുടുംബമായി ഒന്നിച്ച് ആഹാരം കഴിക്കുവാനോ യാത്രകള്‍ ചെയ്യുവാനോ കിട്ടുന്ന ചുരുക്കം ചില അവസരങ്ങളില്‍ സ്മാര്‍ട്ട്‌ ഫോണില്‍ തലോടിയിരിക്കുന്നവര്‍ ഏറെയാണ്‌. ‘ATM IS MY DAD’ എന്ന് എഴുതിയ ടി-ഷര്‍ട്ട്‌ അണിഞ്ഞും, ‘GOOGLE’ നെ ഗുരുവാക്കിയും “മാതാ-പിതാ-ഗുരു-ദൈവം” എന്ന ആശയം വിസ്മരിച്ച ‘E-തലമുറകളുടെ’ സൌഹൃദം ഓണ്‍ലൈനില്‍ ‘പച്ച’ നിറത്തില്‍ തെളിയുന്ന ‘ചങ്കുകള്‍’ ആണ്. ഇത്തരത്തില്‍ എല്ലാ മേഖലകളിലും സംസ്കാര പരിണാമം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ‘ലോകം ഉള്ളംകൈയില്‍’ ഒതുക്കിയ മനുഷ്യന് ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുകയാണ്. അതിവേഗം കുതിക്കുന്ന വിവരസാങ്കേതിക വിപ്ലവത്തിന്റെ അടിമകള്‍ ആയി മാറുന്ന ഇന്നിന്‍റെ മക്കള്‍ക്ക് സ്നേഹത്തിന്റെ സ്വാതന്ത്ര്യം അന്യമാകുന്നു.

ബന്ധങ്ങളുടെ പൂന്തോട്ടത്തില്‍ വിടരുന്ന പുഷ്പ്പം പോലെയാണ് സ്വാതന്ത്ര്യം. ഈ അടിമത്വത്തില്‍ കുടുങ്ങിപോകാതെ സ്വാതന്ത്ര്യം നല്‍കുവാന്‍ ക്രിസ്തുവിന്‍റെ സ്നേഹത്തിനു കഴിയും. ആ സ്നേഹം നമ്മില്‍ സ്ഫുരിക്കട്ടെ, ആ സ്വാതന്ത്ര്യം നമ്മുക്ക് ആഘോഷിക്കാം.

– ബിനു വടക്കുംചേരി

Comments are closed.