ചെറുകഥ: സുബോധം

ന്ധ്യയായപ്പോള്‍ വയലിലെ പണികള്‍ ഏറെകുറെ പൂര്‍ത്തികരിച്ചു അയാള്‍ നടന്നുനീങ്ങി. നല്ല ക്ഷീണം തോന്നിയപ്പോള്‍ തൊട്ടടുത്ത ചായകടയില്‍ കയറി. ഒരു കട്ടന്‍ ചായയും പരിപ്പുവടയും വാങ്ങി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചായകടക്കാരന്‍  അയാളോട് ചോദിച്ചു “വീട്ടില്‍ ഇത്രയും ആഘോഷം നടക്കുമ്പോള്‍ ഇയാള്‍ ഇവിടെ വന്നിരുന്നു ചായ കുടിക്ക്യ ??”

“ആഘോഷമോ ..?”

“അതേ, നാടുവിട്ടുപോയ ഇളയപുത്രന്‍ തിരിച്ചെത്തി, അപ്പന്‍ സ്വീകരിക്കുകയും ചെയ്തു, അപ്പോ തുടങ്ങിയതാ ഈ ആഘോഷവും നിര്‍ത്തവും, പോരാത്തതിന് തടിച്ചകാളകുട്ടിയേയും അറുത്തുയെന്ന കേട്ടെ… “

അയാള്‍ ചായ ഒറ്റവലിക്ക് കുടിച്ചു, കാശും കൊടുത്ത് വേഗത്തില്‍ അവിടെന്നിറങ്ങി….

വീട്ടിലേക്കു അടുക്കുംതോറും അപ്പന്‍റെ വീട്ടിലെ നിര്‍ത്തവും വാദ്യഘോഷങ്ങളുടെ ആരവം കേള്‍ക്കാമായിരുന്നു. അവിടെ കൂടിനിന്ന ബാല്യക്കാരനായ ഒരുവനോട് അയാള്‍ കാര്യം തിരക്കി. താന്‍ കേട്ടതെല്ലാം സത്യമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ (കോപത്തോടെ) പിറുപിറുക്കാന്‍ തുടങ്ങി…

വീടിന്‍റെ മുന്നില്‍ നില്‍ക്കുന്ന മുത്ത മകനെ കണ്ടപ്പോള്‍…

“കയറിവാ… മകനെ… ഇതാ നിന്റെ അനിയന്‍ മടങ്ങി വന്നിരിക്കുന്നു”
അപ്പന്റെ വാക്കുകള്‍ അവസാനിക്കും മുന്പേ   അയാള്‍ രോഷാകുലനായികൊണ്ട് പറഞ്ഞു
 “ഇത്രയും കാലം നിന്നോടൊപ്പം നിന്നെ സേവിച്ചും നിന്റെ കല്പനകള്‍ അനുസരിച്ചും ഞാന്‍ ജീവിച്ചിട്ടും, എന്റെ കൂട്ടുകാരുമൊത്ത് ആനന്ദിക്കുവാന്‍ ഒരു ആടിനെപോലും തന്നിലല്ലോ..?”

അപ്പന്‍ അവന്‍റെ തോളില്‍ തട്ടികൊണ്ട്,
 “മകനെ നിങ്ങള്‍ക്ക് ഇരുവര്‍ക്കും എന്‍റെ മുതലിന്റെ പങ്കു ഒരേപോലെയാണ് തന്നത്…
എന്നാല്‍ ഇതുവരെയായും നിനക്കു അപ്പന്‍റെ അവകാശത്തെ കുറിച്ചുള്ള ബോധ്യം വന്നില്ല, ഒരു ദാസനെപോലെ നീ നിന്‍റെ ജീവിതം തുടര്‍ന്നപ്പോള്‍ അപ്പന്‍റെ സ്നേഹത്തെയും നീ വിസ്മരിച്ചു, അതുകൊണ്ടാണ് ഇളയവനെ ഞാന്‍ കൈകൊണ്ടപ്പോള്‍ നിന്നില്‍ കോപം വന്നത്. സകലത്തിന്റെയും അവകാശിയായ നീ ഒരു ആടിന് വേണ്ടി എന്നോട് ചോദിക്കുന്നുവോ…?”

അപ്പന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ മൂത്ത മകന്‍റെ കണ്ണുകളില്‍ നിന്നും ചുടുകണീര്‍ വീഴുന്നുണ്ടായിരുന്നു. ഇതെല്ലം കണ്ടുകൊണ്ടു അരികെയുണ്ടായിരുന്ന അനിയന്‍ തന്‍റെ ചേട്ടന്‍റെ കവിള്‍ത്തട ഒഴുകിയ ചുടുകണ്ണീര്‍ തുടച്ചു. സുബാധം പ്രാപിച്ച ഇരുവരെയും അപ്പന്‍ ചേര്‍ത്ത് പിടിച്ചു. ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും നാളുകള്‍ വീണ്ടും ആ ഭവനത്തില്‍ ആഗതമായി.

നാളുകളായി അപ്പന്റെ കൂടെനടന്നിട്ടും, അപ്പന്റെ കല്പനകള്‍ പ്രമാണിച്ചിട്ടും മകനെന്ന ബോധ്യമില്ലാതെ അപ്പന്‍റെ സ്നേഹത്തെയും അവകാശത്തെയും തിരിച്ചറിയാതെ ‘ദാസ‍’വേല ചെയ്ത പഴയതലമുറയുടെ വക്താവായ മൂത്തമകനും, അപ്പന്‍റെ അവകാശങ്ങള്‍ നേടിയെടുത്തു അപ്പന്‍റെ സന്നിധിയില്‍ നിന്നും അകന്നു അപ്പന്‍റെ പേര് പറഞ്ഞുകൊണ്ട് ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് യാത്ര ചെയ്തു ലഭിച്ച അവകാശത്തെ ധൂര്ത്തടിച്ച നവയുഗത്തിന്‍റെ വക്താവായ ഇളയമകനും ഒന്നിക്കുന്ന ഭവനവും, സമൂഹവും സന്തോഷിക്കും.


ബിനു വടക്കുംചേരി

 ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books  ൽ ക്ലിക്ക് ചെയുക: 

ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT

For more visit: https://www.binuvadakkencherry.com

Comments are closed.