ലേഖനം: പ്രസ്ഥാനങ്ങളെ രക്ഷിക്കണോ?

ത്മീയ നേതൃത്വത്തിനു സഭയുടെ നേതൃത്വത്തിലുള്ളവർ അത്മീയർ തന്നെയാവണം എന്നതിൽ അവിതർക്കമില്ല. എന്നാൽ ദൈവഹിതമില്ലാത്തവർ സഭയിലെ ഉന്നത സ്ഥാനം മോഹിച്ച് കൂട്ടുസഹോദരനെ കുറ്റം പറഞ്ഞും സാമൂഹ്യമാധ്യമങ്ങളിൽ പരസ്പരം ചെളിവാരിയെറിഞ്ഞും നോട്ടുകളുടെ കനത്തിൽ അധികാരം ഉറപ്പാക്കി അത്മീയത്തെ വാണിജ്യവത്കരിച്ചു ഉന്നതർ ഏതു പ്രസ്ഥാനങ്ങളുടെ അധികാരത്തിൽ ഇരുന്നാലും അത് ദൈവജനത്തിനു ശുഭമല്ല.

നാം ഉൾപ്പെടുന്ന പ്രസ്ഥനാനങ്ങളിൽ‍ ഇത്തരത്തിലുള്ളവർ ഉണ്ടെന്നു തിരിച്ചറിഞ്ഞാൽ അവരെ അടുത്ത ഇലക്ഷനിൽ വോട്ട് നൽകാതെ നോക്കുകയാണ് വേണ്ടത്. അല്ലാതെ അത്തരത്തിലുള്ള വ്യക്തികളെ സാമുഹ്യമാധ്യമങ്ങളിൽ ചർച്ചാ വിഷയമാക്കുന്നത് വിശ്വാസികൾക്ക് ഭൂഷണമല്ല.

ദൈവ നിയോഗമുള്ള മോശക്കും അഹരോനും എതിരെ മത്സരിച്ച കൊരഹ് ദാഥാൻ‍ അബീരാമും തുടങ്ങി ഇരുനൂറ്റിയമ്പതോളം പുരുഷന്മാരെകുറിച്ച് സംഖ്യാപുസ്തം പതിനാറാം അധ്യായത്തിൽ പറയുന്നുണ്ട്. ലേവിപുത്രനായ കൊരഹിനെ തിരുനിവാസത്തിലെ വേലക്കായും സഭയുടെ ശുശ്രുഷ നിവർത്തിക്കുവാനായും യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ നിന്നും തന്നെ വേർത്തിരിച്ചതാണ്.

എന്നാൽ ദൈവം തന്നെ ഏല്‍പ്പിക്കാൻ ആഗ്രഹിക്കാത്ത മഹാപുരോഹിത പദവിയിൽ‍ കണ്ണുനട്ട് അർഹതയില്ലാത്ത സ്ഥാനമാനങ്ങൾ കൈവരിക്കാൻ മോശക്കും അഹരോനും എതിരെ പിറുപിറുത്ത കൊരഹന്റെ അന്ത്യം നമ്മെ അടിവരയിട്ടു ഓർമ്മപെടുത്തന്നത് “ദൈവം തന്റെ സഭയെ പണിയും, പാതാള ഗോപുര ങ്ങൾ അതിനെ ജയിക്കയില്ല“. കതിരും പതിരും ഒരുമിച്ചു വളരുവാൻ അനുവാദം കൊടുക്കുന്ന ഉടയോൻ വേർത്തിരിക്കുന്ന ഒരു നാൾ ഉണ്ട്, ന്യായംവിധിക്കാൻ യോഗ്യനായവൻ‍ അത് ചെയ്യും, അതുകൊണ്ട് നമ്മൾ ആ ദൗത്യം ഏറ്റെടുക്കേണ്ട ആവശ്യമില്ല എന്നതാണ് എന്റെ മതം.

യുഗങ്ങളുടെ പാറയായ ക്രിസ്തുവിൽ‍ അടിസ്ഥാനമിട്ട “സഭ” ക്രിസ്തുവിന്റെ അനുയായികളായ ‘ക്രിസ്താനികളുടെ’ കൂട്ടമാണ്. സഭയുടെ അനുയായികളായ “സഭായാനികളുടെ” കൂട്ടം പ്രസ്ഥാനങ്ങളെ രക്ഷിക്കാനായി നേതാക്കളുടെ കുറ്റങ്ങൾ കണ്ടെത്തി അവരെ വിമർശിച്ചും കുറ്റം വിധിച്ചും വിലപെട്ട സമയം പാഴാക്കുന്ന കാഴ്ച്ച ദുഃഖകരമാണ്.

ചുറ്റുമുള്ള ലോകം കുറ്റങ്ങൾ കണ്ടെത്തി കല്ലെറിയാൻ നോക്കുബോൾ വിധിക്കാൻ അധികാരമുള്ള ഗുരു പറയുന്നുത് “നിങ്ങളിൽ പാപം ഇല്ലവത്തവൻ കല്ലെറിയട്ടെ”.

അതേ, മറ്റുള്ളവരെ വിധിക്കുവാൻ നാം യോഗ്യരല്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഗുരു നമ്മെ ഏല്‍പ്പിച്ച ദൗത്യം പൂർത്തികരിൻ‍ നമ്മുടെ വിശ്വാസം കാത്തു നല്ല പോർ പൊരുതി യെരുശലെമിലും (സ്വന്തം സ്ഥലത്ത്) യഹൂദയിലും (അയൽ‍ ദേശം) എല്ലായിടത്തും ശമര്യയിലും (ശത്രു ദേശത്ത്‌) ഭൂമിയുടെ അറ്റത്തോളം ചെന്ന് ക്രിസ്തുവിന്റെ സാക്ഷികളാകാം.

പ്രസ്ഥാനങ്ങളെ രക്ഷിക്കുവാനല്ല മറിച്ച് ആത്മാക്കളെ നേടി ദൈവരാജ്യത്തിന്റെ വ്യപ്ത്തിക്കായി ഒന്നിച്ചു നിന്ന് അധ്വാനിപ്പൻ‍ ദൈവം നമ്മെ സഹായിക്കട്ടെ.

 – ബിനു വടക്കുംചേരി

Comments are closed.