മുഖമൊഴി | നന്ദിയോടെ…

ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ അക്ഷരലോകത്തിലേക്ക് എത്തിക്കുകയായിരുന്നു . ഓരോ കഥകളിലൂടെയും സഞ്ചരിക്കുബോഴും ആ കഥ ഞാന്‍ എഴുതിയാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നല്‍ ഭരിക്കുമ്പോള്‍ ഞാന്‍ സ്വന്തമായി കുത്തികുറിക്കാന്‍ ആഗ്രഹിക്കുമെങ്കിലും അതെല്ലാം വിഫല ശ്രമമായി മാറി.

അങ്ങനെയിരിക്കെ മാതൃസഭയില്‍ വെള്ളത്തിന്‍റെ പ്രതിസന്ധി നേരിട്ടത്. തുടര്‍ന്നുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കി അല്‍പ്പം ഭാവനയുടെ മേമ്പൊടിയും ചേര്‍ത്ത് ഒരു കഥ തയ്യാറാക്കി പിന്നിടുള്ള PYPA ക്കു അത് വായിക്കുകയും അതിനു ലഭിച്ച പ്രതികരണം എന്നെ അത്ഭുതപെടുത്തി. ആ കഥയാണ്‌ “ഉപദേശിയുടെ കിണര്‍‘. പിന്നീടു കഥകള്‍ രചിക്കാന്‍ ചുറ്റുമുള്ള ജീവിതങ്ങളെ നീരിഷിക്കുകയും,
ആനുകാലിക സംഭവങ്ങള്‍ ഉള്‍പെടുത്തികൊണ്ട് ഉപദേശി, ലില്ലിക്കുട്ടി , അമ്മച്ചി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ചിരിയും ചിന്തയും ഉളവാക്കും വിധത്തില്‍ തൂലിക ചലിപ്പിച്ചു തുടങ്ങി.

2007 ല്‍ മാതൃസഭയുടെ ശുശ്രുഷകനായി സേവനമനുഷ്ഠിച്ച പാസ്റ്റര്‍ കെ ടി സാമുവേലും സഹധര്‍മ്മിണി ശാന്തമ്മ കൊച്ചമ്മ, IPC വടുക്കുംചേരി സെന്‍റര്‍ മിനിസ്ടര്‍ പാസ്റ്റര്‍ ജോസ് വര്‍ഗ്ഗിസ് എന്നിവര്‍ നല്‍കിയ പ്രോത്സാഹനം
എനിക്ക് ഏറെ എഴുതുവാന്‍ ഉത്തേജനം പകര്‍ന്നു. IPC വടുക്കുംചേരി സെന്‍റര്‍ പ്രസിദ്ധികരണമായ ‘ഗോസ്പല്‍ എകോസ് ‘ മാസികയില്‍ 2008 ല്‍ കോളമിസ്റ്റ് ആയി. 2009 ല്‍ ഇതേ മാസികയുടെ
ജേര്‍ണലിസം അവാര്‍ഡിന് അര്‍ഹാനായി. തുടര്‍ന്ന് ഗോസ്പേല്‍ എക്കൊസിന്റെ മുഖപ്രസംഗം എഴുതുവാന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് എന്നെ നിര്‍ബന്ധിക്കുകയും ഇതൊരു ദൈവനിയോഗം ആയിരുന്നുവെന്നു ഞാന്‍ തിരിച്ചറിയുകയും ചെയ്തു.

2010 ല്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയില്‍ കലാലയ പഠനത്തിനു ശേഷം
മൈക്രോഫിനാന്‍സ് സ്ഥാപനമായ ‘ESAF Small Finance Bank’ ല്‍ ഉദ്യോഗ ജീവിതം ആരംഭിച്ചു. 2011 ല്‍ ‘HOPE Microcredit’ എന്ന സ്ഥാപനത്തിലും ജോലി ചെയ്തു.
2012 ല്‍ മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീടെല്‍ കമ്പനിയായ ‘Lamdmark Group’ല്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് കുവൈറ്റില്‍ പ്രവാസ ജീവിതം ആരംഭിച്ചു.
ഊഷരഭൂമിയിലെ ഏകാന്തതകളെ അതിജീവിക്കാന്‍ ഞാന്‍ ഏറെ ഇഷ്ട്ടപെട്ടിരുന്ന എഴുത്ത് തന്നെ തിരഞ്ഞെടുത്തു .

2013 ല്‍ പുതുമുഖ എഴുത്തുകാര്‍ക്ക് പ്രോത്സാഹനവും അവസരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്ലോബല്‍ മലയാളീ ക്രിസ്ത്യന്‍ റൈറ്റര്‍ഴ്സ് ഫെല്ലോഷിപ്പിനോടൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കുകയും 2014 ല്‍ ക്രൈസ്തവ മലയാളികള്‍ക്കായി
പ്രഥമ പങ്കാളിത്യ മാധ്യമമായ kraisthavaezhuthupura.com ആരംഭിച്ചു. ക്രൈസ്തവ എഴുത്തുപുര മിനിസ്ട്രീസ് ഇന്റര്‍നാഷണലിന്‍റെ വൈസ് പ്രസിഡന്റ്‌ ,
ക്രൈസ്തവ എഴുത്തുപുര പത്രത്തിന്‍റെ അസോസിയേറ്റ് എഡിറ്റര്‍ എന്നി നിലകളിലും സേവനം അനുഷ്ടിക്കുന്നു. ബിലിവേര്സ് ജേര്‍ണല്‍ ,ജനവീഥി എന്നി പത്രങ്ങളില്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് .

കഴിഞ്ഞ 10 വര്‍ഷത്തെ എഴുത്ത് ജീവിതത്തില്‍ ഭാവനകള്‍ കഥകള്‍ ചെറുചിന്ത ലേഖനങ്ങള്‍ എന്നിങ്ങനെ 100 ല്‍ പരം രചനകളില്‍ നിന്നു തിരഞ്ഞെടുത്ത ആത്മചിന്തകളുടെ ഭാവന സമാഹാരമായ ഉപദേശിയുടെ കിണര്‍ എന്ന എന്‍റെ പ്രഥമ ഗ്രന്ഥം 2017 ജനുവരിയില്‍ ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷനിലൂടെ പുറത്തിറക്കുവാന്‍ ദൈവം കൃപ ചെയ്തു. അതുപോലെതന്നെ

ജൂലൈ മാസത്തില്‍ “നിന്‍ സ്നേഹം എന്നില്‍...” എന്നു തുടങ്ങുന്ന എന്‍റെ ആദ്യഗാനം

റിലീസ് ചെയ്യുകയും ഒക്ടോബര്‍ മാസത്തില്‍, ഒരു മലയാളി ക്രൈസ്തവ എഴുത്തുകാരന്‍റെ ആദ്യത്തെ മൊബൈല്‍ ആപ്പ് ആയ  “Binu Vadakkencherry” ആൻഡ്രോയിഡ് വായനക്കാർക്കായി സമര്‍പ്പിക്കാനും, വീണ്ടും 2017 അവസാന മാസത്തില്‍ ഇങ്ങനെയൊരു വെബ്സൈറ്റ് പുറത്തിറക്കുവാന്‍ ദൈവം സഹായിച്ചു.

ഒരിക്കല്‍ക്കൂടി എന്നെ സഹായിച്ചവര്‍ക്കും എന്നെ സ്നേഹിക്കുന്ന പ്രിയ വായനക്കാര്‍ക്കും എന്‍റെ കൃതജ്ഞ അറിയിക്കുന്നു…

സര്‍വോപരി സര്‍വ്വ മഹത്വവും ദൈവത്തിനു അര്‍പ്പിച്ചുകൊണ്ട് പ്രിയ അനുവാച്ചകര്‍ക്കായി സവിനയം “Binu Vadakkencherry.com” സമര്‍പ്പിക്കുന്നു…

സ്നേഹത്തോടെ ,
ബിനു വടുക്കുംചേരി

 

 

 

 

Comments are closed.