വേദിയില്‍ കേട്ടത്: സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ ആരുടെങ്കിലും നമ്പര്‍ ഉണ്ടോ?

ര്‍ത്തമാനകാലത്ത് ലളിതമായ ഉദാഹരണം കൊണ്ട് കേള്‍വിക്കാരില്‍ വലിയ ചിന്തകള്‍ ഉളവാക്കുവാന്‍ കഴിയുന്ന പ്രസംഗകന്‍ ബാബു ചെറിയാന്‍ 94 ലാം ഐ പി സി ജനറല്‍ കൺവന്‍ഷനിലും പതിവ് തെറ്റിച്ചില്ല.

ചാര്‍ജില്ലാത്ത മൊബൈല്‍ഫോണില്‍ എന്തെല്ലാം ഉണ്ടെന്നു പറഞ്ഞാലും അത് ഉപയോഗശൂന്യമാണ്. എന്നാല്‍ അതൊന്നു ചാര്‍ജ്ജറില്‍ ‘പ്ലഗ്’ ചെയ്യുവാന്‍ കഴിഞ്ഞാല്‍ അതില്‍ ഉള്ളതെല്ലാം തെളിഞ്ഞി വരും.
ഇതേപോലെ പരിശുദ്ധാത്മാവായി ഒരു ബന്ധം പുലര്‍ത്തിയാല്‍ മാത്രമേ നല്ലൊരു ആത്മീയജീവതം നയിക്കുവാന്‍ കഴിയുകയുള്ളു എന്നതായിരുന്നു ഇത്തവണത്തെ അദ്ദേഹത്തിന്‍റെ ആദ്യ ഉദാഹരണം.

അതിനു ശേഷം ഒരു ചോദ്യമായിരുന്നു. “ഡല്‍ഹില്‍ പോകുമ്പോള്‍ അവിടെയുള്ള ആരുടെങ്കിലും ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ നല്ലതാണ് എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ അവിടെയുള്ള ആരുടെങ്കിലും നമ്പര്‍ ഉണ്ടോ?”
സ്വര്‍ഗ്ഗവുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ ആത്മഅഭിഷേകം കൈവരിച്ചേ പറ്റൂ എന്ന് അദ്ദേഹം അടിവരയിട്ടുകൊണ്ട് പ്രസ്താവിച്ചു.

പണ്ടൊക്കെ ദൈവമക്കള്‍ തമ്മില്‍ കാണുമ്പോള്‍ “അഭിഷേകം” പ്രാപിച്ചോ? എന്ന ചോദ്യം വഴിമാറികൊണ്ട് ഇപ്പോള്‍ “കല്യാണം കഴിച്ചോ”? എന്നായി. തീര്‍ന്നില്ല, മുന്‍കാലങ്ങളില്‍ കൗൺസലില്‍ ഒരു അംഗമാകണമെങ്കില്‍ അഭിഷേകം ഒരു പ്രധാന ഘടകമായിരുന്നു എന്നുകൂടി പറയുന്നതില്‍ മടികാണിച്ചില്ല.

“അവസാന ഭാഗത്ത് അന്യഭാഷയുണ്ട്” എന്ന് പറഞ്ഞു സി ഡി മാര്‍ക്കറ്റ്‌ ചെയ്യുന്നവര്‍ തുടങ്ങി എല്ലാം ‘ബിസിനസ്സ്’ ആക്കുവാന്‍ ശ്രമിക്കുന്ന ഒരു കൂട്ടത്തെ കാണുമ്പോള്‍, കിട്ടിയതെല്ലാം ദൈവത്തിനായി നല്‍കിയ ആദിമ സഭയെ മാതൃകയാക്കുവാന്‍ ദൈവജനം തയ്യാറാകണം എന്ന് അദ്ദേഹം ഓര്‍പ്പിച്ചു.

“നാം കണ്ടതല്ല പെന്തകോസ്ത്, അതിനപ്പുറത്തൊരു പെന്തകോസ്ത്” ഉണ്ടെന്നും ആ അനുഭവത്തിലേക്ക് എത്തണമെങ്കില്‍ അത്മീയന്‍ എന്ന കപടവേഷങ്ങള്‍ അഴിച്ച് ഒരു പുത്തന്‍ അഭിഷേകത്തിനായ് കൊതിക്കുവാന്‍ കൂടിവന്ന ജനത്തെ ഉത്തേജിപ്പിച്ചു.

ഈ നാളുകളില്‍ പെന്തകൊസ്തിൻറെ ഐക്യത ആവശ്യമാണെന്നും, വരുന്ന ഏപ്രില്‍ മസാത്തിലെ ഐക്യമായ പ്രാര്‍ത്ഥന വലിയ അനുഗ്രമാകും എന്നും പ്രസംഗത്തിനിടയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തയ്യാറാക്കിയത്: ബിനു വടക്കുംചേരി

Comments are closed.