പുതുവത്സര ചിന്ത: സെയ്റ മോളുടെ കളറിംഗും ഡാഡിയുടെ ചിന്തയും
ഇത് എന്റെ മോൾ ചായം നൽകിയ ചിത്രമാണ്. കുഞ്ഞിന് രണ്ട് വയസ്സായപ്പോൾ, ഒരു ചെറിയ പെൻസിൽ പിടിച്ചു, ചായം ചേർക്കാൻ പഠിച്ചു തുടങ്ങി. ഓരോ വരയും കയ്യിൽ കിട്ടുമ്പോൾ ഓരോ നിറവും കൂട്ടിചേർത്ത് കൊണ്ടിരുന്നു… പിന്നീട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞിയപ്പോൾ കുഞ്ഞിന്റെ കൈകളിൽ കിട്ടിയ ചിത്രത്തിന് പലവിധ നിറങ്ങൾ നൽകി ഏകദേശം ഒക്കെ ശരിയാകുവാൻ തുടങ്ങി. അതിൽ കൃത്യതയില്ല, പക്ഷേ അതിൽ ജീവൻ ഉണ്ട്, സ്നേഹമുണ്ട്.
ഇനി കുറച്ച് കഴിയുമ്പോൾ നല്ല ചിത്രങ്ങൾക്ക് നല്ല ഭംഗിയുള്ള നിറങ്ങൾ നൽകാൻ അവൾ പഠിക്കും എന്ന പ്രതീഷായിലാണ് ഞങ്ങൾ. ഇത് ഒരു കുഞ്ഞിന്റെ കലാപ്രവർത്തനം മാത്രമായി കാണാതെ ആത്മീയ ദർശനത്തിൽ ചിന്തിക്കുകയാണെങ്കിൽ ഇതുപോലെ തന്നെ ആണ് ക്രിസ്തീയ ജീവിതവും. ദൈവം നമ്മെ തന്റെ സങ്കൽപ്പപ്രകാരം സൃഷ്ടിച്ചപ്പോൾ, ഓരോരുത്തരിലും ഒരു സൃഷ്ടിപ്രതിഭയും, ഒരു ദൈവീക ദർശനവും നിക്ഷേപിച്ചു. കുഞ്ഞ് വരയ്ക്കുന്ന ഓരോ വരയും, അവളുടെ ഉള്ളിൽ ദൈവം നിക്ഷേപിച്ച അത്ഭുതം പുറത്തുവരുന്ന ഒരു അടയാളമാണ്. “നിന്റെ കൈകളിൽ ഞാൻ നിന്നെ വരച്ചിരിക്കുന്നു” (യേശായാ 49:16) ദൈവം നമ്മെ തന്റെ കൈകളിൽ വരച്ചതുപോലെ, കുഞ്ഞ് തന്റെ ലോകം വരയ്ക്കുന്നു, അതിൽ ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രതിഫലനമുണ്ട്.
ഈ ചിത്രങ്ങൾ ഒരു കലയല്ല മറിച്ച് കുഞ്ഞിന് ദൈവം നൽകിയ കാഴ്ചപ്പാടിന്റെ ആദ്യ ചുവടുകളാണ്. അവളുടെ ഓരോ ചായം ചേർക്കലിലും, ഓരോ വരയ്ക്കലിലും, ഒരു മനോഹര ദൈവീക ദർശനത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നു.
പ്രതീക്ഷയുടെ വരകളിൽ
വാഗ്ദത്തിന്റെ ചായങ്ങൾ
ചേർത്ത് സ്വപ്നങ്ങൾക്ക് നിറങ്ങൾ നൽകാം…
അതെ, 2026 വർണ്ണങ്ങൾ നിറഞ്ഞ ഒരു സംവത്സരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
ഏവർക്കും പുതുവത്സര ആശംസകൾ…
ബി. വി 30/12/2025
Comments are closed.