ചെറുകഥ: ഒരു സമ്മാനത്തിനായി

[sg_popup id=”1″ event=”onload”][/sg_popup]അങ്ങനെ ഡിസംബറിലെ എല്ലാ പരീക്ഷയും കഴിഞ്ഞു. ഇനി ഒരു ഹസ്വ അവധിക്കാലം! കൂട്ടുകാർക്കെല്ലാം ഇത് സന്തോഷത്തിന്റെ ദിനങ്ങൾ. അവധി കഴിഞ്ഞെത്തുന്ന അവർക്ക് ക്രിസ്തുമസ്സ് വെക്കേഷനു കിട്ടിയ പുതിയ സമ്മാനങ്ങളെ കുറിച്ച് പറയാൻ ഒത്തിരിയു ണ്ടാകും.

എന്നാൽ എനിക്ക് സ്കൂളിൽ പോകാതിരിക്കുമ്പോൾ ബോർ അടിക്കാൻ തുടങ്ങും. ഒരു ദരിദ്ര കുടുംബത്തിലെ നെടുവീർപ്പുകളും കഷ്ടപ്പാടുകൾക്കുമിടയിൽ ആശ്വസിപ്പിക്കാൻ അമ്മ മാത്രമേ എനിക്കുള്ളൂ. എന്റെ എല്ലാം എല്ലാം ആയ അമ്മ മാത്രം.

സമ്മാനം തരാൻ അമ്മയ്ക്ക് ആഗ്രഹം ഉണ്ടെങ്കിലും പലപ്പോഴും സാമ്പത്തികം അനു വദിക്കാതെ വരുമ്പോൾ അമ്മയുടെ വക ഒരു സ്പെഷ്യൽ സമ്മാനം തരും… കണ്ണീരിൽ കുതിർന്ന ഒരു ചുംബനം! ഞാൻ അത് നന്നായി ആസ്വദിക്കുകയും, അതോടെ വിഷമം എല്ലാം മാറുകയും ചെയ്യും. പക്ഷെ ഈ അവധിക്കാലം, എന്റെ മനസ്സ് മന്ത്രിക്കുന്നു. എനിക്ക് ഒരു സമ്മാനം കിട്ടും. ആരെങ്കിലും ഒരു മൊട്ടു സൂചിയെങ്കിലും സമ്മാനമായി തന്നാൽ എനിക്ക് സന്തോഷമാകും.

ദിവസങ്ങൾ ഓരോന്നായി കടന്നു പോയി. സമ്മാനവുമായി ആരെയും കണ്ടില്ല. പക്ഷെ എന്നിലെ പ്രതീക്ഷ ചിറകു വിടർത്തി. നിന്നു. വൈകുന്നേരം. നല്ല തണുത്ത കാലാവസ്ഥ. ഒന്ന് നടക്കാൻ തോന്നി. തെല്ലു ദൂരെ ഒരു അരുവിയുണ്ട്. അവിടെ വരെ ഒന്ന് നടന്നിട്ടു വരാം എന്ന് ചിന്തിച്ചു.

ഉടനെ അമ്മയുടെ അനുവാദം വാങ്ങി ഞാൻ അരുവിയിലേക്ക് നടന്നടുത്തു. പല വീടുകളിലും നക്ഷതങ്ങൾ നാനാവർണ്ണ പ്രകാശം പരത്തുന്നുണ്ടായിരുന്നു. പലവിധ ചിന്ത കളുമായി ഞാൻ അരുവിക്കടുത്ത മരച്ചുവട്ടിൽ ഇരുന്നു. എത്ര സുന്ദരമാണ് ഈ പ്രകൃതി…?

നേരം ഇരുട്ടുന്നതിന് മുമ്പ് വീട്ടിൽ എത്തേണ്ടതുണ്ട്. ഞാൻ മെല്ലെ യാത്ര തിരിക്കാൻ തുടങ്ങിയതും “മീനുകുട്ടിയേ...”
പുറകിൽ നിന്നും നല്ല പരിചയമുള്ള ആരോ വിളിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോൾ

തെങ്ങുകയറ്റക്കാരൻ വേലായുധേട്ടൻ. എന്റെ മുന്നിലേക്ക് ഒരു കവർ നീട്ടിക്കൊണ്ടയാൾ ചോദിച്ചു. “എന്താ മോളെ, ഇതെടുക്കുവാൻ മറന്നുവോ ??”

“അതിനു ഞാൻ ഒന്നും കൊണ്ടു വന്നില്ലല്ലോ …. ചേട്ടാ”

“മറന്നു കാണും, മോള് ഇരുന്നിടത്തു നിന്നും കിട്ടിയതാണ്” എന്ന് പറഞ്ഞു കൊണ്ട് എന്നെ ഏൽപ്പിച്ചു.

അയാൾ ധ്യതിയിൽ എങ്ങോട്ടോ പോയി. ഞാൻ തിരിച്ചെത്തി അമ്മയോട് കാര്യങ്ങൾ എല്ലാം പറഞ്ഞുകൊടു ത്തു. അമ്മ ആ കവർ മെല്ലെ തുറന്നു.
അതൊരു ബൈബിൾ ചിത്രകഥ ആയിരുന്നു. ഞാൻ ആ പുസ്തകമെടുത്തു നോക്കുവാൻ തുടങ്ങി.. യേശു ജനിച്ചത് തൊട്ടുള്ള ചിത്രങ്ങൾ ഓരോ താളുകളിലായി മാറിമാറി വന്നു. ഈ ലോകത്തിലേക്ക് സ്വന്തം പുത്രനെ അയച്ച് മാനവരെ വീണ്ടെടുക്കാൻ പിതാവായ ദൈവം കാട്ടിയ സ്നേഹം അവളെ സ്പർശിച്ചു.

പെട്ടെന്ന്… വാതിലിൽ ആരോ മുട്ടുന്നു… ചെന്ന് നോക്കിയപ്പോൾ ദേ.. വേലായുധേട്ടൻ.

“എന്താ, ഇനിയും വല്ലതും ഞാൻ മറന്നുവെച്ചോ ചേട്ടാ…?’ അവൾ തമാശിച്ചുകൊണ്ട് കാര്യം ആരാഞ്ഞു.

“അല്ല കുഞ്ഞ്, അതെനിക്കു തെറ്റു പറ്റിയതാ. ആ പുസ്തകം വേറെയൊരു കുട്ടി മറന്നു വെച്ചതാ.. അവർ അവിടെ തിരയുന്നത് കണ്ടിട്ടാ ഞാൻ വന്നേ…”
വായിച്ചു കൊതി തീർന്നില്ലെങ്കിലും അവൾ ആ പുസ്തകം സന്തോഷത്തോടെ തിരികെ കൊടുത്തു.

അത് വാങ്ങി അയാൾ ഇരുട്ടിൽ മറഞ്ഞു. അവധി എല്ലാം തീർന്നു, ഇനി നാളെ സ്കൂൾ തുറക്കും. അവൾ ആഗ്രഹിച്ചപോലെ സമ്മാനം ഒന്നും കിട്ടിയില്ലെങ്കിലും അവളുടെ മനസ്സ് പറഞ്ഞ പോലെ ഒരു സമ്മാനം അവൾക്ക് കിട്ടിയിരുന്നു.

ലോക മെമ്പാടും ക്രിസ്തുമസ്സ് ദിനത്തിൽ പരസ്പരം സമ്മാനങ്ങൾ കൈമാറി ആഘോഷിക്കുമ്പോൾ അതിനേക്കാൾ വലിയ സമ്മാനം അവൾ കണ്ടെത്തി, ദൈവം തന്റെ ഏകജാതനായ പുത്രനെ നൽകിയതിലൂ ടെയാണ് ഭൂമിയിൽ ആദ്യത്തെ ക്രിസ്തുമസ്സ് ആരംഭിച്ചത്. അതാണ് മനുഷ്യന് ഈ ലോകത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ “സമ്മാനം‘, അത് തിരിച്ചറിഞ്ഞതോടെ അവൾ ദൈവത്തെ നന്ദികരേറ്റുവാൻ തുടങ്ങി .

പുതുവർഷത്തിൻ പൊൻപുലരിയിൽ പുത്തൻ ചിന്തകളോടെ അവൾ സ്കൂളിലേക്ക് വീണ്ടും പോയി….

വാല്‍കഷണം:
നന്ദി തോന്നിയിട്ട് അത് പ്രകടിപ്പിക്കാതിരിക്കുന്നത്, ഒരു സമ്മാനം പൊതിഞ്ഞു മേടിച്ചിട്ട് അത് കൊടുക്കാതിരിക്കുന്നതിന് തുല്യമാണ്.

-ബിനു വടക്കുംചേരി

For more visits: https://www.binuvadakkencherry.com

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books  ൽ ക്ലിക്ക് ചെയുക:
https://play.google.com/store/books/details?id=VA1ADwAAQBAJ

Comments are closed.