ചിരിയും ചിന്തയും:”സോഡിയം ക്ലോറൈഡ് അഥവാ ഉപ്പ്”

സാധാരണ വിവാഹ വേദിയിൽ കുടുംബ ജീവിതത്തെ പറ്റി ഒത്തിരി ഉദാഹരണങ്ങൾ കേൾക്കാറുണ്ട് അതിൽ പലതും ഹാസ്യത്തിന്റെ
പിൻബലത്തോടെ സദസിനെ ആസ്വാദിപ്പിക്കുന്നതായിരിക്കും, കൂട്ടത്തിൽ നാം മുൻപ് കേട്ടിട്ടുള്ളവയും കണ്ടെക്കാം.

അതിനുള്ള പ്രധാന കാരണം, ഏറിയ പങ്കും വിവാഹ ശുശ്രുഷകൾ നിർവഹിക്കാറുള്ള പാതിരിമാർ ലഭിക്കുന്ന
വേദികളിൽ ഒരേ ഉദാഹരണങ്ങൾ പറയുന്നതുകൊണ്ടാകാം.

എന്റെ വിവാഹ നിശ്ചയ വേദിയിൽ ഞാൻ കേട്ടതും എനിക്ക് പുതുമ തോന്നിയതുമായ ഒരു ഉദാഹരണമാണ്
അനുവാചകരോട് ഞാൻ പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത് .

കുടുംബ ജീവിതം “സോഡിയം ക്ലോറൈഡ്” പോലെ ആണത്രേ, വിവരിക്കാം.

‘CH’ മായി 3 ക്ലോറിൻ (CHCl3) ചേരുമ്പോൾ “ക്ലോറോഫോം” ഉണ്ടാവുന്നു.
ക്ലോറോഫോം മറ്റുളവവരെ ‘ ബോധം കെടുത്തുന്ന’  ധർമ്മം ചെയ്യുന്നു.  ഇനി, പൊട്ടിത്തെറിക്കുന്ന
‘പൊട്ടാസിയത്തിന്റെ’ കൂടെ ചേർന്നാൽ ‘ഉപ്പ്’ (KCL)ആകും. എന്നാൽ അതാകട്ടെ രുചിക്ക്‌ കാരണമായ
ഉപ്പ് അല്ലാത്തതിനാൽ ഭക്ഷണത്തിനു ഉപയോഗിക്കാറില്ല.
പക്ഷെ ക്ലോറിനിലെ ചില തന്മാത്രകൾ ഉപേക്ഷിച്ചു സോഡിയത്തിനെ സ്വീകരിച്ചാൽ അത് മറ്റുള്ളവർക്ക് രുചി
പകരുന്ന “ഉപ്പ്” (NaCl)ആയി തീരും.

വളർന്നു വന്ന വ്യത്യസ്ത സാഹചര്യങ്ങളെ കണക്കിടാതെ ഇരുവരും ഒരു ദേഹമായി തീർന്നാൽ ഉപ്പിനെപോലെ
രുചിയുള്ള കുടുംബ ജീവിതം നയിക്കാൻ ഉടയോൻ നിങ്ങളെ സഹായിക്കും എന്ന് പറഞ്ഞുകൊണ്ട് ആശംസ വാചകത്തിനു
വിരമിക്കുന്നതിനു മുൻപ് ഞങ്ങളുടെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞു “നിങ്ങളെ നോക്കിയാൽ അറിയാം ഉപ്പിനെ പോലെയുണ്ട്”.
ഞങ്ങൾ ഇടകണ്ണിട്ട് പരസ്പരം ഒന്ന് നോക്കി….. “ഉപ്പോ …??” എന്ന് മനസ്സിൽ ചോദിച്ചു.

അനുവാചകരോട്:
ഈ ചിന്ത വായിച്ച എല്ലാ കുടുംബസ്ഥരും നിങ്ങളുടെ ഭാര്യാ/ ഭർത്താവിനെ മുഖാമുഖമായി ഒന്ന് നോക്കി
ഉപ്പിന്റെ മുഖഛായ ഉണ്ടോ എന്ന് പരിശോധിക്കുക. മുഖഛായ കണ്ടെത്തുവാൻ കഴിഞ്ഞില്ലെങ്കിലും ചുരുങ്ങിയത് ഒന്ന്
മനസ്സ് തുറന്ന് ചിരിക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ കുടുംബ ജീവിതം “സോഡിയം ക്ലോറൈഡ്” പോലെയെന്നതിൽ ഇരുപക്ഷമില്ല.

– ബിനു വടക്കുംചേരി

Comments are closed.